◼️സംസ്ഥാനത്ത് മങ്കി പോക്സ്. വിദേശത്തുനിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണു രോഗബാധ. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി സമ്പര്‍ക്കവിലക്കിലാകാന്‍ നിര്‍ദേശം നല്‍കി. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവര്‍ അടക്കമുള്ളവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധസംഘം എത്തും.
◼️ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്രവും നടപടികള്‍ സ്വീകരിക്കും എന്നറിയിച്ചു. ഞായറാഴ്ച ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തി ചര്‍ച്ച നടത്തിയശേഷം കോടതിയില്‍ ഹര്‍ജി നല്‍കും. മന്ത്രി പറഞ്ഞു.
◼️ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിവച്ചു. ശ്രീലങ്കന്‍ സ്പീക്കര്‍ക്ക് ഇ മെയില്‍ മുഖേന രാജിക്കത്ത് അയച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ സുരക്ഷിത രാജ്യത്തിലേക്ക് ഒളിച്ചോടിയശേഷമാണ് രാജി. കൊളംബോയില്‍ പടക്കം പൊട്ടിച്ചാണ് പ്രസിഡന്റിന്റെ രാജി പ്രക്ഷോഭകാരികള്‍ ആഘോഷിച്ചത്.
◼️രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് 'ഭാരത് ജോഡോ' യാത്ര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നു പോകും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാകും 'ഭാരത് ജോഡോ' പദയാത്ര നടത്തുക. 148 ദിവസംകൊണ്ട് 3500 കിലോ മീറ്റര്‍ പദയാത്ര നടത്തും. എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കും. കേരളത്തില്‍ 18 ദിവസം യാത്ര ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു.
◼️വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. അങ്കണവാടികള്‍ക്കും അവധിയാണ്. റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധിയില്ല.
◼️കെഎസ്ഇബി യൂണിയന്‍ നേതാക്കള്‍ക്ക് ഇനി അതതു ജില്ലകളില്‍ മാത്രം പ്രൊട്ടക്ഷന്‍ പരിമിതപ്പെടുത്തിക്കൊണ്ട് ചെയര്‍മാന്‍ ബി അശോക് ഉത്തരവിറക്കി. ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയിരിക്കേയാണ് അശോക് ഉത്തരവു പുറപ്പെടുവിച്ചത്. അച്ചടക്ക നടപടി നേരിട്ടവരെ മുമ്പുണ്ടായിരുന്ന സ്ഥലത്തു തിരികേ നിയമിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശിച്ച വടകര എംഎല്‍എ കെകെ രമയ്ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. 'ഇവിടെ ഒരു മഹതി സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിഷേധിവുമായി പ്രതിപക്ഷം രംഗത്തെത്തി. മണി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു.
◼️ട്രാന്‍സ്ജെന്റര്‍മാര്‍ക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അവര്‍ ആഗ്രഹിക്കുന്നതുപോലെ പുരുഷനോ സ്ത്രീയോ ആയി മാറാനുള്ള ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു.
◼️തനിക്കെതിരേ ആര്‍എസ്എസ് ബന്ധം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനു ചരിത്രബോധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത പാര്‍ട്ടി ഭാരവാഹിയായിരുന്ന കെ സുധാകരനാണ് ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നത്. കൂത്തുപറമ്പില്‍ മത്സരിച്ച താനെങ്ങനെ കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുമെന്നും അദ്ദേഹം ചോദിച്ചു.
◼️കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു ഡോ.ബി അശോകിനെ മാറ്റിയതിനു പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൃഷി വകുപ്പിലേക്കു മാറ്റിയ അശോക് മികച്ച ഉദ്യോഗസ്ഥനെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
◼️മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ നിയസഭയില്‍ 'മെന്റര്‍ 'ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിനു നോട്ടീസ് നല്‍കുകയും ചെയ്ത മാത്യു കുഴല്‍നാടനെതിരെ സച്ചിന്‍ദേവ് എംഎല്‍എ. മാത്യു കുഴല്‍നാടന്റെ പേരു പറയാതെ പരീക്ഷ ക്രമക്കേട് നടത്തി വിലക്ക് നേരിട്ടയാളാണ് വിശ്വാസ്യതയെ കുറിച്ചു പ്രസംഗിക്കുന്നതെന്നാണു സച്ചിന്‍ ആരോപിച്ചത്.
◼️സംസ്ഥാനത്തെ പൊലീസിനെ വാഴ്ത്തി ഭരണപക്ഷവും കുറ്റപ്പെടുത്തി പ്രതിപക്ഷവും നിയമസഭയില്‍. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിന് മനുഷ്യമുഖം നല്‍കിയെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി അവകാശപ്പെട്ടു. എന്നാല്‍ ഈ വാദങ്ങളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുവാദം നിരത്തി ഖണ്ഡിച്ചു.
◼️നടിയെ അക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ കോടതിയിലെ ആരോ അനധികൃതമായി കണ്ടെന്ന ആരോപണത്തിലേക്കു വഴിയൊരുക്കി പ്രോസിക്യൂഷന്‍. പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ 2021 ജൂലൈ 19 ന് വൈകിട്ട് മൂന്നിന് കോടതി മുറിയില്‍ പെന്‍ഡ്രൈവിലൂടെയാണു ദൃശ്യങ്ങള്‍ കണ്ടത്. എന്നാല്‍ അന്ന് ഉച്ചക്ക് 12.19 മുതല്‍ 12: 54 വരെ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് ദ്യശ്യങ്ങള്‍ കണ്ടത് ആരെന്നാണു പ്രോസിക്യൂഷന്റെ ചോദ്യം. കേസുമായി നേരിട്ടു ബന്ധമില്ലെങ്കിലും വിചാരണ കോടതിക്കെതിരേ ശ്രദ്ധ തിരിക്കാനാണ് വിഷയം ചര്‍ച്ചയാക്കുന്നത്.
◼️വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ സംഭവത്തില്‍ യുവാവ് പിടിയില്‍. വര്‍ക്കല ഇലകമണ്‍ വി.കെ.ഹൗസില്‍ പ്രണബ് (28) ആണ് പിടിയിലായത്.
◼️ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. മലപ്പുറം പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ പിടികൂടി. തലശ്ശേരി സ്വദേശിയായ ഷാജഹാന്‍, മലപ്പുറം സ്വദേശി കരീം എന്നിവരെയാണ് പിടികൂടിയത്. ഷാജഹാനില്‍ നിന്ന് 992ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചത്.
◼️സ്വര്‍ണമെന്ന വ്യാജേന 100 പവന്‍ മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ ആലുവയില്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി ലിജുവാണ് പിടിയിലായത്. ആലുവ ബൈപാസിലെ ബാങ്ക് ശാഖയിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജൂണ്‍ അവസാന വാരങ്ങളില്‍ എട്ടു തവണകളായാണ് പ്രതി ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചത്.
◼️പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ ഏറ്റുമുട്ടി. രണ്ടു ദിവസമായി സംഘര്‍ഷാവസ്ഥയാണ്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. അന്വേഷിക്കുമെന്ന് പൊലീസ്.
◼️വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും. തിരുവനന്തപുരം നരുവാംമൂട് സ്വദേശി സുസ്മിതയെ വധിച്ച കേസിലാണ് ഭര്‍ത്താവ് കുമാറിനെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷിച്ചത്. എട്ടു വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്.
◼️തിരുവനന്തപുരം ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയത് ബൈക്കിനു മറികടന്നു പോകാന്‍ സ്ഥലം കൊടുക്കാത്തതിനാണെന്നു പോലീസ്. സംഭവത്തില്‍ പ്രതികളായ ആഞ്ജനേയ്, വിഷ്ണു എന്നിവരെയാണു പൊലീസ് പിടികൂടിയത്. ബാലരാമപുരം റസ്സല്‍പുരം സിമന്റ് ഗോഡൗണിനടുത്ത് കിളിമാനൂര്‍ സ്വദേശി വിഷ്ണുവിനെയാണു കൊലപ്പെടുത്തിയത്.
◼️ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ നാല്‍പത്തഞ്ചുകാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി റജികുമാറിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️നിരവധി ക്രിമിനല്‍ കേസിലെ പ്രതി മെഡിക്കല്‍ കോളേജ് കാമ്പസ് ക്വാട്ടേഴ്സില്‍ താമസിക്കുന്ന ബിലാല്‍ ബക്കറി (26) നെ കാപ്പ ചുമത്തി കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
◼️ആലുവയില്‍ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു. ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. ഭക്ഷണത്തിനു പണം ചോദിച്ചതും മൊബൈല്‍ ചാര്‍ജര്‍ നല്‍കാത്തതുമാണ് തര്‍ക്കത്തിനു കാരണം. പോലീസ് കേസെടുത്തിട്ടുണ്ട്.
◼️ആറ് ലിറ്റര്‍ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പോലീസ് പിടിയില്‍. പൊട്ടിയോടത്താല്‍ വടക്കുംപറമ്പ് സാജിലിനെ (38)യാണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്.
◼️തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് നികുതി ഇളവ് തുടരും. കയറ്റുമതി വര്‍ധിപ്പിക്കാനും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് നികുതിയിളവ്. നികുതി റിബേറ്റ് കാലാവധി 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.
◼️ഞായറാഴ്ച നടക്കാനിരിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യുജി 2022 പരീക്ഷ മാറ്റിവയ്ക്കണമെന്നു ഹര്‍ജി നല്‍കിയവര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി. ഹരജിക്കാരനെതിരെ നടപടിയെടുക്കേണ്ടതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളായതിനാല്‍ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്.
◼️സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമൊരുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ നേതൃ യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കും. ഇരുപത്തയ്യായിരം പേരെ പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കും. എംപി മാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കും.
◼️'അഴിമതിക്കാരന്‍' അടക്കം 65 വാക്കുകള്‍ക്കു പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാ വാക്കുകളും നിരോധിച്ചിരിക്കുകയാണെന്നു രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
◼️ചില വാക്കുകള്‍ വിലക്കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. 1954 മുതല്‍ നിലവിലുള്ള രീതിയാണത്. ഒരു പാര്‍ലമെന്റ് നടപടി മാത്രമാണ്. അതിന്റെ പേരില്‍ അനാരോഗ്യ ചര്‍ച്ചകള്‍ വേണ്ട. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
◼️മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ലെന്ന് കമല്‍ഹാസന്‍. പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേയാണ് പ്രതികരണം. ഇതു രാജവാഴ്ചയല്ല, ജനാധിപത്യമാണ്. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമര്‍ശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമല്‍ഹാസന്‍ ആരോപിച്ചു.
◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മറ്റൊരു മുന്‍ എന്‍എസ്ഇ മേധാവി രവി നരേന്‍, മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ എന്നിവര്‍ക്കെതിരെ ഇഡി കേസെടുത്തിട്ടുണ്ട്.
◼️വനിതാ അധ്യാപകര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു. കോളേജ് ഓഫ് വോക്കേഷണല്‍ സ്റ്റഡീസിലെ അധ്യാപകന്‍ മന്‍മോഹന്‍ ബാസിനെതിരെയാണ് നടപടി. മൂന്ന് വനിതാ അധ്യാപകരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
◼️ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടിയായ സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുന്നു. അദ്ദേഹംതന്നെ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റിലാണ് ഈ വിവരം. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
◼️തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
◼️തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പതിനാറുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടിച്ചിരിക്കുകയാണ്.
◼️ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 തോക്കുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്‌നാമില്‍നിന്ന് എത്തിയ ഇന്ത്യന്‍ ദമ്പതിമാരുടെ രണ്ട് ട്രോളി ബാഗുകളില്‍നിന്നാണ് 22.5 ലക്ഷം രൂപ വിലവരുന്ന 45 തോക്കുകള്‍ കണ്ടെത്തിയത്.
◼️മഹാരാഷ്ട്രയിലെ ബിജെപി സഖ്യ സര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണു നികുതി കുറച്ചത്.
◼️ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന. ചൈന പുറത്തുവിട്ട വ്യാപാര കണക്കുകള്‍ പ്രകാരം ആറ് മാസം പിന്നിട്ടപ്പോള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 5,751 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം 9,750 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇറക്കുമതി ഇതേനിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി റെക്കോര്‍ഡാകും.
◼️ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞായറാഴ്ച. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ ചൈന കമാന്റര്‍തല ചര്‍ച്ച നടന്നത്. ഗാല്‍വാനിലെ ചൈനയുടെ കടന്നുകയറ്റത്തിനുശേഷം ഇത്രയും നീണ്ട ഇടവേള ഇത് ആദ്യമാണ്.
◼️ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് ഏറ്റവും കൂടുതല്‍ വോട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 101 എംപിമാര്‍ റിഷി സുനകിനെ പിന്തുണച്ചു. പെന്നി മോഡന്റ് 83 വോട്ട് നേടി രണ്ടാമത് എത്തി. പ്രധാനമന്ത്രി പദത്തിലേക്ക് അഞ്ചു പേരാണ് മല്‍സരാര്‍ത്ഥികളായി ശേഷിക്കുന്നത്. രണ്ടു പേര്‍ മാത്രമാകുന്നതുവരെ പല ഘട്ടങ്ങളായി എംപിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കും.
◼️ആയിരം പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന് നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്‌കോപ് കണ്ടെത്തി. സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ചൂടുള്ള, വീര്‍ത്ത വാതക ഭീമന്‍ ഗ്രഹത്തിലാണു ജലസാന്നിധ്യമുണ്ടെന്നു പറയുന്നത്. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ മേഘങ്ങളും മൂടല്‍മഞ്ഞും കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
◼️ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് മുകളില്‍ ഓസോണ്‍ പാളിയിലെ വലിയ ദ്വാരമുണ്ടെന്ന പഠനം തെറ്റാണെന്നു പുതിയ പഠന റിപ്പോര്‍ട്ട്. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിന്‍ ലുവാണ് പുതിയ പഠനവുമായി രംഗത്ത് എത്തിയത്. 1980 മുതല്‍ ട്രോപ്പിക്കല്‍ മേഖലയ്ക്കു മുകളിലായി ഓസോണ്‍ ദ്വാരം നിലനില്‍ക്കുന്നതായി എഐപി അഡ്വാന്‍സ് എന്ന ജേര്‍ണലിലാണ് ആദ്യമായി ലേഖനം പ്രസിദ്ധീകരിച്ചത്.
◼️പന്ത്രണ്ട് ഡോളറിനു വേണ്ടി പന്തയം വച്ച് ഒരു കുപ്പി മദ്യം ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത യുവാവ് മരിച്ചു. 25 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന ഒരു മദ്യപാന മത്സരത്തില്‍ വിജയിച്ച ഉടന്‍ മരിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
◼️ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സിന്റെ തോല്‍വി. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റൈസ് ടോപ്ലിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.
◼️ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ് പ്രണോയ്, പി.വി സിന്ധു, സൈന നേഹ്വാള്‍ എന്നിവര്‍ സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
◼️മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസം. ജൂണില്‍ പണപ്പെരുപ്പനിരക്ക് 15.18 ശതമാനമായി താഴ്ന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് ഉയരത്തിലായിരുന്നു പണപ്പെരുപ്പനിരക്ക്. മേയില്‍ 15.88 ശതമാനമാണ് പണപ്പെരുപ്പനിരക്കായി രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി 15-ാമത്തെ മാസമാണ് പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ നില്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ മുഖ്യകാരണം. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് ഭക്ഷ്യവസ്തുക്കളുടെ വില കൂടാന്‍ ഇടയാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയില്‍ 10.89 ശതമാനമായിരുന്നു.ജൂണില്‍ ഇത് 12.41 ശതമാനമായാണ് ഉയര്‍ന്നത്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ ആശ്വാസമുണ്ട്. 7.04 ശതമാനത്തില്‍ നിന്ന് 7.01 ശതമായാണ് ജൂണില്‍ നിരക്ക് താഴ്ന്നത്.
◼️ഇന്ത്യയില്‍ നിന്നുള്ള വാഴപ്പഴ കയറ്റുമതി കഴിഞ്ഞ 9 വര്‍ഷത്തിനിടെ എട്ടുമടങ്ങ് വര്‍ദ്ധിച്ചു. 2013 ഏപ്രില്‍-മേയിലെ 26 കോടി രൂപയില്‍ നിന്ന് ഈവര്‍ഷം ഏപ്രില്‍-മേയില്‍ 213 കോടി രൂപയിലേക്കാണ് കയറ്റുമതി വരുമാനം കുതിച്ചത്; വര്‍ദ്ധന 703 ശതമാനം. കര്‍ഷകര്‍ക്കും ഇന്ത്യയുടെ മൊത്തം കാര്‍ഷികോത്പന്ന കയറ്റുമതിക്കും വാഴപ്പഴ വ്യാപാരമേഖലയുടെ ഈ മികവ് വലിയ നേട്ടമാണ്. ലോകത്ത് ഏറ്റവുമധികം വാഴപ്പഴ കൃഷിയുള്ളത് ഇന്ത്യയിലാണ്; 25 ശതമാനമാണ് ഈ രംഗത്ത് ഇന്ത്യയുടെ വിഹിതം. ഇന്ത്യയിലെ വാഴപ്പഴ കൃഷിയില്‍ 70 ശതമാനവും ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ്.
◼️സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'ഗാര്‍ഗി'. ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ പുതിയൊരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്മി, ഗൗതം രാമചന്ദ്രന്‍, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക.
◼️അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്മ'യുടെ പുതിയ ട്രെയിലര്‍ പുറത്തെത്തി. കോമഡിക്കും ചിന്തയ്ക്കും പ്രാധാന്യമുള്ള സിനിമയാകും പദ്മയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.
◼️സെമികണ്ടക്ടര്‍ (ചിപ്പ്) ക്ഷാമവും അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റവും സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ആഭ്യന്തര വാഹനവിപണി കരകയറുന്നു. ചിപ്പ് ക്ഷാമത്തിന് അയവുവന്നതിന്റെ കരുത്തില്‍ ജൂണില്‍ മൊത്തവില്പന 23.7 ശതമാനം ഉയര്‍ന്നെന്ന് സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വ്യക്തമാക്കി. എല്ലാ ശ്രേണികളിലുമായി 16.11 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം ഫാക്ടറികളില്‍ നിന്ന് പുതുതായി ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത്. 2021 ജൂണില്‍ ഇത് 13.01 ലക്ഷമായിരുന്നു.
◼️വാര്‍ത്തകളിലും ചര്‍ച്ചകളിലുമല്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യം സ്വന്തം ജീവിതത്തിന്റെ ശാന്തസാകുമാര്യങ്ങളിലേക്ക് പൊടുന്നനെ കടന്നുകയറുമ്പോള്‍ ഒരു ശരാശരി മലയാളി സ്ത്രീ നേരിടുന്ന മാനസികസംഘര്‍ഷങ്ങളുടെ കഥയായ അവനവള്‍. വീട്ടിനകത്തും പുറത്തും ജീവിതത്തിന്റെ ഏതു വളവിലും തിരിവിലും പെണ്ണിനെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകള്‍ക്കുമേല്‍ അതിജീവനത്തിന്റെ പോര്‍മുഖം തുറക്കുന്ന കഥകളായ കാറ്റും വെയിലും ഇലയും പുവും പോലെ... എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. മാതൃഭൂമി. വില 180 രൂപ.
*മങ്കിപോക്‌സ്*
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ മങ്കി പോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. സാധാരണഗതിയില്‍ മങ്കി പോക്സ് ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഗുരു തന്റെ ശിഷ്യന്മാരില്‍ നിന്നും പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ ശിഷ്യനോട് ഗുരു ചോദിച്ചു: നിറയെ പണമുള്ള ഒരു പേഴ്‌സ് കിട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? എനിക്ക് ഉടമസ്ഥനെ അറിയുമെങ്കില്‍ ഞാനത് തിരിച്ചു നല്‍കും. രണ്ടാമത്തെയാളോടും ഗുരു ചോദ്യമാവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: ആ പേഴ്‌സ് എനിക്ക് നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞ് ഞാന്‍ അതും കൊണ്ട് പോകും. മൂന്നാമന്‍ പറഞ്ഞു: എനിക്ക് ഇതിന് പെട്ടെന്ന് ഉത്തരം പറയുവാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ദരിദ്രനാണ്. എന്റെയുള്ളിലെ ദുരാഗ്രഹം, എന്നിലെ നന്മയെ കീഴ്‌പെടുത്തിയില്ലെങ്കില്‍ ഞാന്‍ അത് എങ്ങനെയെങ്കിലും ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കും. ഗുരു പറഞ്ഞു: നിന്റെ വാക്കുകളില്‍ സത്യമുണ്ട്. നീയാണ് എന്റെ പിന്‍ഗാമി. നിര്‍വാച്യമായി പറയാനും പെരുമാറാനും കഴിയുന്നതാണ് സമ്മര്‍ദ്ദമില്ലാത്ത ജീവിതത്തിന്റെ അടിസ്ഥാനം. ആര്‍ക്കാണ് കുറവുകളോ നഷ്ടങ്ങളോ ഇല്ലാതെ ജീവിക്കാന്‍ കഴിയുക.. ഏത് ആദര്‍ശധീരര്‍ക്കും അവരവരുടേതായ പ്രലോഭനമേഖലകളുണ്ടാകും. മനുഷ്യസഹചമായ അത്തരം ന്യൂനതകള്‍ മറച്ചുവെച്ച് മാന്യനാകാന്‍ ശ്രമിക്കുമ്പോഴാണ് ഒരാള്‍ ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെടുന്നത്. തനിക്ക് ഒരു ന്യൂനതയുമില്ലെന്ന് കാണിക്കാന്‍ എടുക്കുന്ന ശ്രമത്തിന്റെ പത്ത് ശതമാനം മതി ആ ന്യൂനത പരിഹരിക്കാന്‍. അമാനുഷരായി ആരും ഇല്ല. മജ്ജയോടും മാംസത്തെടുമൊപ്പം മാനുഷികവികാരങ്ങളും താല്‍പര്യങ്ങളും ഉള്ളവരാണ് എല്ലാവരും. അവയ്ക്കതീതമായി നാം ജീവിക്കേണ്ടതില്ല. അവയ്ക്ക് അടിമപ്പെടാതെ അവയോടൊപ്പം ജീവിക്കാന്‍ ശീലിച്ചാല്‍ മതി. നമുക്ക് കുറവുകളെ അംഗീകരിക്കാന്‍ ശീലിക്കാം - ശുഭദിനം * മീഡിയ16*