◼️മദ്യത്തിനു വില കൂട്ടുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ നിയമസഭയില്‍. സ്പിരിറ്റിന്റെ വില വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണു വിശദീകരണം.
◼️ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുക പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കും. കോടതി വിധിച്ച ഒന്നര ലക്ഷം രൂപയും കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍നിന്ന് ഈടാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ അപമാനിച്ചത്.
◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കേയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൂന്നു തവണ ആരോ കണ്ടിട്ടുണ്ടെന്ന ഫോറന്‍സിക് പരിശോധനാ ഫലം, മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തുടങ്ങിയവ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
◼️ഭിന്നശേഷി ജീവനക്കാര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം നല്‍കാനും എയ്ഡഡ് സ്‌കൂളുകളില്‍ 2011 മുതല്‍ 2014 വരെ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കാനും മന്ത്രിസഭാ തീരുമാനം. കൊല്ലം, മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളജ് ആരംഭിക്കും. സുപ്രീംകോടതി വിധിയനുസരിച്ചാണ് ഭിന്നശേഷിക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തിയത്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സംരക്ഷണം നല്‍കുന്നത് അധ്യാപക സംഘടനകളുടെ ആവശ്യപ്രകാരമാണ്.
◼️കിഴക്കമ്പലത്തെ ട്വന്റി 20 പാര്‍ട്ടി സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കുന്നു. അംഗത്വ ക്യാംപെയിന്‍ ഞായറാഴ്ച്ച തുടങ്ങും. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്റി 20 യുടെ പ്രവര്‍ത്തനമെന്ന് കോ - ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു.
◼️ഇന്നും മഴ തുടരും. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ മൂന്നു ഷട്ടറും കക്കയം ഡാമിന്റെ ഒരു ഷട്ടറും തുറന്നു.
◼️ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
◼️കാനഡയില്‍ ബോട്ടപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ നീലീശ്വരം വെസ്റ്റ്, നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി (33), കളമശേരി സ്വദേശി കെവിന്‍ ഷാജി (21), ചാലക്കുടി ആതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) എന്നിവരാണ് മരിച്ചത്. കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്പ്രേ തടാകത്തിലായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ജിയോ ജോഷി രക്ഷപ്പെട്ടു.
◼️തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിന്റെ പണിക്കിടെ മണ്ണിനടിയില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമല്‍ കുമാര്‍ (36) ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗഷന് സമീപമാണ് അപകടം നടന്നത്.
◼️ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡു ചെയ്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. ഒരു പ്രൊഫസറുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രിന്‍സിപ്പള്‍ അധ്യക്ഷനായ സമിതി ശിക്ഷാനടപടി പ്രഖ്യാപിച്ചത്.
◼️പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനെയും അമ്മയേയും അറസ്റ്റുചെയ്തു. രണ്ടു ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജില്‍ കണ്ടെത്തിയിരുന്നു. ചെറിയച്ഛന്‍ പ്രതിയായ പോക്സോ കേസില്‍ മൊഴി അനുകൂലമാക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
◼️ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ ബീച്ചിനു പടിഞ്ഞാറ് കടലില്‍ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കടല്‍ ചുഴലിയില്‍ കുടുങ്ങിയ എട്ടു പേരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവും യുവതിയും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് സൂചന.
◼️എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആള്‍ജ്യാമം നില്‍ക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഒപ്പിടണം. രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്.
◼️കേരളത്തില്‍ രാജഭരണമാണെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. സ്വപ്ന സുരേഷിന് ജോലി കൊടുത്തതുകൊണ്ടാണ് എച്ച്ആര്‍ഡിഎസിനെതിരേ ഉദ്യോഗസ്ഥര്‍ വേട്ടയാടുന്നത്. വിവിധ സര്‍ക്കാര്‍ എജന്‍സികള്‍ അടിക്കടി ഓഫീസുകളില്‍ കയറിയിറങ്ങുന്നു. എച്ച്ആര്‍ഡിഎസിനെ ആര്‍എസ്എസ് അനുകൂല സംഘടനയെന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്നു. ഇതിനു പിന്നില്‍ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപച്ചു.
◼️സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു.
◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി രണ്ടര കിലോഗ്രാം സ്വര്‍ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാന്‍, മലപ്പുറം സ്വദേശി കരീം എന്നിവരെ കസ്റ്റഡിയിലെടുത്തു.
◼️തിരുവനന്തപുരം കെട്ടിട നമ്പര്‍ തട്ടിപ്പില്‍ നാലു പേര്‍ അറസ്റ്റില്‍. താല്‍ക്കാലിക ജീവനക്കാരികളായ ഫോര്‍ട്ട് സോണിലെ ബീന, വെണ്‍പാലവട്ടം ഓഫീസിലെ സന്ധ്യ എന്നിവരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്. മരപ്പാലം സ്വദേശിയായ അജയഘോഷ് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനാണ് ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ കൊടുത്തത്.
◼️മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
◼️പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂളിനരികിലെ ബസ് സ്റ്റോപ്പില്‍ കുഴഞ്ഞു വീണു മരിച്ചു. അടിമാലി കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അസ്ലഹ അലിയാര്‍ (17) ആണ് മരിച്ചത്.
◼️കാസര്‍കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസ് പ്രതി അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീര്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കോടതി കെട്ടിടത്തിനു മുന്നിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് 26 വയസുകാരന്‍ രക്ഷപ്പെട്ടത്. മെയ് 23 ന് ആണ് ഇയാളെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
◼️അട്ടപ്പാടി ഷോളയൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ആഖിബുള്‍ ശൈഖാണ് മരിച്ചത്.
◼️മുംബൈയില്‍ നടന്‍ സുശാന്ത് സിംഗിനെ കാമുകി റിയാചക്രബര്‍ത്തിയും സുഹൃത്തുക്കളും ചേര്‍ന്ന് ലഹരി മരുന്നിന് അടിമയാക്കിയെന്ന് ലഹരി വിരുദ്ധ ബ്യൂറോ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. 35 പ്രതികളാണ് കേസിലുള്ളത്.
◼️രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണം, വെള്ളി, വജ്രം, കറന്‍സികള്‍, പുരാതന വസ്തുക്കള്‍, മരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, രാസവസ്തുക്കള്‍, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, വന്യജീവി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയില്‍ ഉണ്ട്. കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേല്‍നോട്ടത്തിലായിരിക്കും ഇവയുടെ രാജ്യാന്തര ഇടപാടുകള്‍ അനുവദിക്കുക.
◼️എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍. ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളന വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്കുശേഷം എഐസിസിയിലാണ് യോഗം.
◼️ലൈംഗിക പീഡന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചു. വീഡിയോയുടെ ചെറിയൊരു ഭാഗം പുറത്തുവിട്ട മഹിളാ മോര്‍ച്ചാ നേതാവിനെതിരേ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് ആരോപിച്ച് പോലീസ് കേസെടുത്തു. പീഡിപ്പിച്ച ശ്രീകാന്തിനെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാതായപ്പോഴാണ് അയാളുടെ വീഡിയോയുടെ ഒരു ഭാഗം പുറത്തുവിട്ടത്.
◼️കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
◼️ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നോട്ടീസ് നല്‍കി. ഇളവ് ആനുകൂല്യങ്ങള്‍ തെറ്റായി പ്രയോജനപ്പെടുത്തിയാണ് ഓപ്പോ കസ്റ്റംസ് തീരുവ ഒഴിവാക്കിയതെന്നാണ് ആരോപണം.
◼️അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനക് മുന്നേറുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ റിഷി സുനകിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 എംപിമാര്‍ പിന്തുണച്ചു.
◼️ശ്രീലങ്കയില്‍ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സ്പീക്കര്‍ക്ക് ആക്ടിംഗ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നിര്‍ദ്ദേശം നല്‍കി. പൊതുസമ്മതനായ ആളെ നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജിവയ്ക്കാതെ രാജ്യം വിട്ട പ്രസിഡന്റ് ഗോത്തബയ രജപക്സെ സിംഗപ്പൂരിലേക്കു മുങ്ങിയെന്നാണു വിവരം. സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്കാണ് ഗോത്തബയ ആദ്യം കടന്നത്. ഭാര്യ യോമയും സഹോദരന്‍ ബേസിലും ഒപ്പമുണ്ട്. ശ്രീലങ്കയില്‍ ജനം വീണ്ടും കലാപം തുടങ്ങിയിരിക്കുകയാണ്.
◼️സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടു. ഒഡീഷ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
◼️ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന് ലോര്‍ഡ്‌സില്‍. വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു. പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്നത്തെ മത്സരത്തിനും ഉണ്ടാവില്ല.
◼️സാമ്പത്തികലോകത്തിനും സാധാരണക്കാര്‍ക്കും ആശ്വാസംപകര്‍ന്ന് ജൂണില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 7.01 ശതമാനമായി താഴ്ന്നു. ഏപ്രിലില്‍ 7.79 ശതമാനവും മേയില്‍ 7.04 ശതമാനവുമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം മേയിലെ 7.79 ശതമാനത്തില്‍ നിന്ന് 7.75 ശതമാനത്തിലേക്ക് കുറഞ്ഞത് കഴിഞ്ഞമാസം നേട്ടമായി. പച്ചക്കറിവില 7.97 ശതമാനത്തില്‍ നിന്ന് 17.37 ശതമാനമായും ഇന്ധനവില നെഗറ്റീവ് 9.54 ശതമാനത്തില്‍ നിന്ന് 10.39 ശതമാനമായും ഉയര്‍ന്നത് ആശങ്കയായി തുടരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും റഷ്യ-യുക്രെയിന്‍ യുദ്ധപശ്ചാത്തലത്തില്‍ അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമവും വിതരണശൃംഖലയിലെ തടസവും വിലക്കയറ്റവും വരുംമാസങ്ങളില്‍ നാണയപ്പെരുപ്പം വീണ്ടും ഉയരാന്‍ വഴിയൊരുക്കിയേക്കും. തുടര്‍ച്ചയായ ആറാംമാസമാണ് റീട്ടെയില്‍ നാണയപ്പെരുപ്പം 6 ശതമാനത്തിനുമേല്‍ തുടരുന്നത്.
◼️വാട്സാപ്പ് മെസെജിന് ഇനി ഇഷ്ടമുള്ള ഇമോജി കൊടുക്കാം. വാട്ട്‌സ്ആപ്പ് റിയാക്ഷന്‍ ഫീച്ചര്‍ പുറത്തിറങ്ങി തുടങ്ങി രണ്ട് മാസത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തുടക്കത്തില്‍ ആറ് ഇമോജികള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. റോബോട്ട് ഫെയ്‌സ്, ഫ്രഞ്ച് ഫ്രൈസ്, മാന്‍ സര്‍ഫിംഗ്, സണ്‍ഗ്ലാസ് സ്‌മൈലി, 100 ശതമാനം ചിഹ്നം, മുഷ്ടി ബമ്പ് എന്നിവയുള്‍പ്പെടെയുള്ള ഇമോജികള്‍ ഇട്ടാണ് പുതിയ അപ്ഡേഷനെ കുറിച്ച് സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്.
◼️'കടുവ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. 'കുടമറ്റം പള്ളീടെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◼️ഹന്‍സിക മൊട്വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവും 'മഹാ' എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായുണ്ട്. ഇപ്പോഴിതാ ഹന്‍സിക മൊട്വാനി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'മഹാ' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാന്‍ ആണ് 'മഹാ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◼️ഡ്യുക്കാറ്റി പനിഗാലെ വി4, 2023ലെ മോഡല്‍ വര്‍ഷത്തിലേക്കുള്ള അതിന്റെ പരിണാമം തുടരുന്നു. വാഹനത്തില്‍ കമ്പനി ഇലക്ട്രോണിക് മെച്ചപ്പെടുത്തലുകളുടെ ഒരു പരമ്പര അവതരിപ്പിച്ചു. 2022 മോഡലില്‍, പാനിഗേല്‍ വി4 അതിന്റെ ലോഞ്ച് വര്‍ഷം മുതല്‍ ബൈക്കിന്റെ എയറോഡൈനാമിക്സ്, എര്‍ഗണോമിക്സ്, എഞ്ചിന്‍, ഷാസി, ഇലക്ട്രോണിക്സ് എന്നിവയെ ബാധിക്കുന്ന മെച്ചപ്പെടുത്തലുകളോടെ ഒരു സുപ്രധാന മാറ്റം ഉണ്ടാക്കി. പാനിഗാലെ വി4, പനിഗാലെ വി4 എസ്, പനിഗാലെ വി4 എസ്പി2 എന്നിവയുടെ 2023 പതിപ്പുകളില്‍, റേസ്ട്രാക്കിലെ റൈഡിംഗ് അനുഭൂതിയും പ്രകടനവും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കഴിവുള്ള, പുതുക്കിയ ഇലക്ട്രോണിക് പാക്കേജ് സ്വീകരിക്കും. തിരഞ്ഞെടുക്കാവുന്ന മൂന്ന് ലെവലുകളിലും വ്യത്യസ്തമായ ഗിയര്‍-ബൈ-ഗിയര്‍ കാലിബ്രേഷന്‍ ഫീച്ചര്‍ ചെയ്യുന്നു.
◼️ഓരോ കവിതയ്ക്കും ഓരോ ചരിത്രമുണ്ട്. ദേശത്തിന്റെ സമൂഹത്തിന്റെ വ്യക്തിയുടെ, അനുഭവത്തിന്റെ ചരിത്രം. ആ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ഭാഷാശേഷിയാണ് കവിതയെ സൂക്ഷ്മമാക്കുന്നത്. രാജന്‍ സി. എച്ചിന്റെ കവിതകള്‍ ഓരോന്നും ഇത്തരമൊരു ചരിത്രാനുഭവം പങ്കിടുന്നു. 'തലശ്ശേരി ബിരിയാണി'. ഡിസി ബുക്സ്. വില 133 രൂപ.
◼️എല്ലാ മുന്‍കരുതലുകളും എടുക്കാറുണ്ടെങ്കിലും ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി ഉയരും. ഭക്ഷണ ശീലങ്ങളായിരിക്കാം ഇതിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലര്‍ക്കും പതിവായി സംഭവിക്കുന്ന തെറ്റാണിത്. പ്രമേഹം അതിവേഗം ഉയരുന്നത് നിയന്ത്രിക്കുന്നതിന് പ്രോട്ടീന്‍, ഫൈബര്‍, കൊഴുപ്പ് തുടങ്ങിയ പോഷകങ്ങളുമായി കാര്‍ബോഹൈഡ്രേറ്റ് സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് പഞ്ചസാരയെ പുറന്തള്ളുക മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കത്തുമില്ല. കൊഴുപ്പിനൊപ്പം പ്രോട്ടീനും നാരുകളും സംയോജിപ്പിക്കുമ്പോള്‍, ഈ പോഷകങ്ങള്‍ ദഹിക്കാന്‍ ശരീരത്തിന് സമയം ആവശ്യമായതിനാല്‍ പഞ്ചസാര പുറത്തുവിടുന്ന പ്രക്രിയയെ മന്ദഗതിയിലാകും. ദിവസവും വേണ്ടത്ര പരിധിയില്‍ കുറവാണ് നിങ്ങള്‍ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നതെങ്കില്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രതിദിനം വേണ്ട ഫൈബറിന്റെ അളവ് വ്യത്യസ്തമാണ്. പ്രായപൂര്‍ത്തിയായ പുരുഷന്‍ 30-38 ഗ്രാമിന് ഇടയില്‍ നാരുകള്‍ കഴിക്കണം. അതേസമയം സ്ത്രീകളുടെ ഭക്ഷണത്തില്‍ 21-25 ഗ്രാം നാരുകളാണ് ഉള്‍പ്പെടുത്തേണ്ടത്. പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കും. ധാന്യങ്ങള്‍, ജ്യൂസ്, ബ്രെഡ്, കൊഴുപ്പ് കുറഞ്ഞ തൈര് തുടങ്ങി പഴങ്ങള്‍ മുതല്‍ പച്ചക്കറികളില്‍ പോലും പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പഞ്ചസാരയുടെ ഒന്നിലധികം സ്രോതസ്സുകള്‍ ഒരുമിക്കുമ്പോള്‍ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും.
*ശുഭദിനം*
*കവിത കണ്ണന്‍*
ദൈവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. കുറെ പേര്‍ക്ക് എന്നും പരാതിയാണ്. തങ്ങള്‍ക്കെന്നും കഷ്ടപ്പാടും ദുരിതവും മാത്രമേ ഉള്ളൂ. അവസാനം സഹികെട്ട് ദൈവം അവരെയെല്ലാം ഒരിടത്ത് വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു: എനിക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്നില്ല. സഹനം എല്ലാവര്‍ക്കുമുള്ളതാണ്. അതെനിക്ക് മാറ്റാനാകില്ല. പക്ഷേ, ഞാന്‍ നിങ്ങള്‍ക്ക് ഒരവസരം തരാം. ആദ്യം നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പുറകിലുള്ള സഞ്ചികളില്‍ നിക്ഷേപിക്കുക. എല്ലാവരും അങ്ങിനെ ചെയ്തു. ദൈവം പറഞ്ഞു: ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സഞ്ചി അതില്‍ നിന്നും തിരഞ്ഞെടുക്കാം. പക്ഷേ, എല്ലാവരും സ്വന്തം സഞ്ചി തന്നെ തിരഞ്ഞെടുത്തു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ ഓരോരുത്തര്‍ക്കും തോന്നി, തന്റേതിനേക്കാള്‍ വലുതാണ് മറ്റുളളവരുടെ പ്രശ്‌നങ്ങള്‍ എന്ന്.. അപരന്റെ ആധി അറിഞ്ഞാലാണ് അവനവന്റെ സമൃദ്ധി മനസ്സിലാവുക. സ്വന്തം കഷ്ടതകളെകുറിച്ച് മാത്രം വ്യാകുലപ്പെടുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്. അവര്‍ക്ക് സ്വന്തം ലോകത്തെകുറിച്ച് മാത്രമാണ് അറിവുളളത്. രണ്ട്. തന്റെ ദുരിതങ്ങളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഒരാളും പുറമെ കാണുന്നതുപോലെയല്ല. സ്വന്തം ദുഃഖങ്ങളും പ്രശ്‌നങ്ങളും തന്നില്‍ തന്നെ ഒളിപ്പിച്ചുവെച്ചാണ് ഓരോ ജീവിതവും. വല്ലപ്പോഴുമൊക്കെ പുറംലോകത്തുള്ള മനുഷ്യരെ കാണണം. അവരില്‍ ചിലരുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ക്ക് ചലിക്കാന്‍ ആകാത്തവരുണ്ട്, ചിലര്‍ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നവരാണ്, ചിലരുടെ ജീവിതത്തില്‍ തന്നെ ഒരു തരിമ്പുപോലെ പ്രകാശം കടന്നെത്തിയിട്ടില്ലെന്ന് പോലും നമുക്ക് മനസ്സിലാകും. ഭാഗ്യാനുഭവങ്ങളുമായി മാത്രം സഞ്ചരിക്കുന്ന ആരുണ്ട് ഈ ലോകത്തില്‍.. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്.. സ്വന്തമായ അതിജീവന പ്രക്രിയകളുണ്ട്. ആ തരണം ചെയ്ത വൈഷമ്യങ്ങളാണ് നമ്മുടെ കരുത്ത് നമുക്ക് സ്വയം തിരിച്ചറിയാന്‍ അവസരങ്ങള്‍ തന്നത്.. ജീവിതം ആനന്ദനൃത്തമല്ല.. അതിജീവനപ്രക്രിയയാണെന്ന് തിരിച്ചറിയുന്നിടത്ത് നമ്മുടെ പ്രശ്‌നങ്ങളും അവസാനിക്കുന്നു - ശുഭദിനം. * മീഡിയ16*