◼️രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്കു പകരമാകില്ല. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തുന്നത് എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും. രക്തംകൊണ്ടു വീരകഥകള്‍ രചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നയം ഇത്തരത്തിലുള്ള കൊലപാതകള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ, കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.
◼️വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 13 പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്ക്കോടതി 12 പ്രതികള്‍ക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്.
◼️പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ ഭാവവ്യത്യാസത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ശാന്തഗംഭീര്യമുള്ള സിംഹങ്ങള്‍ക്കു പകരം വായ്പിളര്‍ത്തി ആക്രമണോല്‍സുകരായി നില്‍ക്കുന്ന സിംഹങ്ങളെയാണ് പുതിയ അശോകസ്തംഭത്തില്‍ ആവിഷ്‌കരിച്ചത്. രാജ്യത്തിന്റെ മുദ്രയായ അശോകസ്തംഭത്തെ അവഹേളിക്കുന്ന ശില്‍പമാണിതെന്നാണ് ആരോപണം. അശോകസ്തംഭത്തിന്റെ അനാഛാദനചടങ്ങില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിഗ്വി പറഞ്ഞു.
◼️ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍ രൂപയിലേക്കു മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതല്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് രൂപ ഉപയോഗിക്കാമെന്നാണ് ആര്‍ബിഐയുടെ നിലപാട്. പുതിയ സംവിധാനത്തിലേക്കു മാറാന്‍ ബാങ്കുകള്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
◼️വിദേശകാര്യമന്ത്രി ജയശങ്കര്‍ ഉന്നയിച്ച ആരോപണം നിയമസഭയില്‍ ചര്‍ച്ചയാക്കുന്നതു തടഞ്ഞ സ്പീക്കറുടെ റൂളിംഗ് പ്രതിപക്ഷ നേതാവ് നിയമസഭക്കു പുറത്ത് ഉന്നയിച്ചത് സ്പീക്കറെ അവഹേളിച്ചതിനു തുല്യമാണെന്ന് നിയമ മന്ത്രി പി രാജീവ്. സ്പീക്കറെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമേ സഭയില്‍ വരാവൂവെന്നാണ് ചട്ടം.
◼️പാലക്കാട് പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഗുരുവായൂരില്‍നിന്നു പൊലീസ് കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് തട്ടിക്കൊണ്ടുപോയത്.
◼️പിതൃത്വം സംബന്ധിച്ച തര്‍ക്കത്തില്‍ സ്വകാര്യത പറഞ്ഞ് ഡിഎന്‍എ പരിശോധനയില്‍നിന്ന് ഒഴിയാനാകില്ലെന്ന് സുപ്രീംകോടതി. ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മലയാളിയായ വിമുക്ത ഭടന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
◼️വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളില്‍നിന്ന് ലഭിക്കാനുള്ള കുടിശിക 2064 കോടി രൂപ. കുടിശിക പിരിച്ചെടുക്കാന്‍ വെള്ളിയാഴ്ച മുതല്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. അദാലത്തില്‍ എത്തുന്നവര്‍ക്ക് കഴിയുന്നത്ര ഫൈന്‍ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◼️പാളത്തിനു സമീപം ക്രെയിന്‍ കുടുങ്ങിയതിനാല്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം പാലക്കാട് റൂട്ടില്‍ ട്രെയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഒറ്റപ്പാലം മായന്നൂരില്‍ റയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്.
◼️അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ഇരുള വിഭാഗത്തില്‍നിന്ന് എംഎസ് മെഡിക്കല്‍ ബിരുദം നേടിയ ആദ്യ വനിത ഡോക്ടര്‍. സര്‍ജറിയില്‍ മാസ്റ്റര്‍ ബിരുദം നേടിയത് ഡോക്ടര്‍ തുളസിയാണ്. ഇന്നലെയാണു ഫലം വന്നത്. 2017 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് തുളസി എംബിബിഎസ് നേടിയത്.
◼️പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭത്തിന്റെ വികലപകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ നയത്തെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അതിശക്തരും ശാന്തരുമായ മൂന്നു സിംഹങ്ങള്‍ക്കു പകരം തുറിച്ച പല്ലുകളുമായി ദുഷ്ടതയും ക്രൗര്യവും പ്രകടമാക്കുന്ന ദുഷ്ടമൃഗങ്ങളെയാണു അശോകസ്തംഭമാക്കി പ്രതിഷ്ഠിച്ചിരിക്കുന്നത്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകര്‍ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നമല്ല അത്. എംഎ ബേബി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◼️യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്റെ മണ്ഡലമായ വയനാട്ടിലുള്‍പ്പടെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ഇന്ത്യയിലെത്തന്നെ മെഡിക്കല്‍ കോളജില്‍ ഇവര്‍ക്ക് അവസരമൊരുക്കുകയോ മറ്റു വിദേശ സര്‍വ്വകലാശാലകളില്‍ പഠനം തുടരാന്‍ സഹായം നല്‍കുകയോ വേണമെന്നാണ് ആവശ്യം.
◼️രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കാനാണ് തിരുവനന്തപുരം സന്ദര്‍ശിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം. തന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
◼️ഫെഡറല്‍ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയിലാണ് കൈയേറ്റം നടത്തിയത്. വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
◼️കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് 30 സെന്റീമീറ്ററായി ഉയര്‍ത്തും. നിലവില്‍ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതവും റിവര്‍ സ്ലൂയിസ് അഞ്ച് സെന്റീ മീറ്ററും ഉയര്‍ത്തി പുഴയിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
◼️തൃശൂര്‍ തളിക്കുളത്ത് ബാറില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബാറുടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ തളിക്കുളം സ്വദേശി ബൈജുവാണ് കൊല്ലപ്പെട്ടത്. അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ എത്തിയ ഏഴംഗ സംഘമാണ് ബാറില്‍ അതിക്രവും കൊലപാതകവും നടത്തിയത്. പത്തു ദിവസം മുന്‍പാണ് ഈ ഹോട്ടലിനു ബാര്‍ ലൈസന്‍സ് കിട്ടിയത്.
◼️തിരുവനന്തപുരം ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍ പിടിയില്‍. റസല്‍പുരം സ്വദേശികളായ അജീഷ്, നിധീഷ് എന്നിവരാണ് ബാലരാമപുരം പൊലിസ് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് കിളിമാനൂര്‍ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയത്.
◼️ബുദ്ധിയും ഓര്‍മശേഷിയും ഇല്ലാതാകുന്ന അല്‍ഷിമേഴ്സ് ബാധിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന്‍ (74) ഭാര്യ കരിമ്പാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്. മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
◼️കൊച്ചിയില്‍ സംഗീത എന്ന ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സുമേഷും ഭര്‍തൃമാതാവും അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്.
◼️മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കൊലക്കേസ് പ്രതി സുഭാഷ് താഴേക്കു വീണു. മരത്തിനുു താഴെ ഫയര്‍ഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി വീണത്. ഇയാളെ ജയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് കാലത്ത് പരോളില്‍ വിട്ട ഇയാളെ പോലീസ് തിരിച്ചെത്തിച്ചപ്പോഴാണ് ആത്മഹത്യാഭീഷണി മുഴക്കി മരത്തില്‍ കയറിയതും വീണതും.
◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കരുതെന്ന കോടതി നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥന്‍ ലംഘിച്ചെന്നാണ് ആരോപണം. കേസില്‍ തുടരന്വേഷണ റിപോര്‍ട്ട് മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
◼️തലശേരിയില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്തുു കൊണ്ടുപോയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രത്യുഷ്. പൊലീസിനോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചതാണ് മര്‍ദ്ദനത്തിനു കാരണം. രാത്രിയില്‍ ഭാര്യക്കൊപ്പം ഇറങ്ങി നടന്നതിനാണ് പോലീസ് മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കിയത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ് വിശദീകരിച്ചു.
◼️ആദിവാസിയെ കയ്യേറ്റംചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെക്കുറിച്ച് അറിയാനുണ്ടെന്നുമുള്ള പോലീസിന്റെ വാദം കോടതി അംഗീകരിച്ചു.
◼️കലൂരില്‍ പട്ടാപ്പകല്‍ യുവാവ് കഴുത്തറുത്തു ജീവനൊടുക്കിയ സംഭവത്തിനു പിറകില്‍ സൗഹൃദം അവസാനിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള പരിഭവവും വഴക്കുമാണെന്നു മൊഴി. കഴുത്തറുത്തു ജീവനൊടുക്കുന്നതിനു മുമ്പ് ക്രിസ്റ്റഫര്‍ തന്നെ മര്‍ദിച്ചത് അതുകൊണ്ടാണെന്ന് സച്ചിന്‍ മൊഴി നല്‍കി. സൗഹൃദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്രിസ്റ്റഫര്‍ പ്രകോപിതനായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.
◼️എറണാകുളത്തെ ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാക. ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും ഉപേക്ഷിക്കപ്പെട്ട നിലയില്‍. പരിസരവാസിയായ വിമുക്തഭടന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◼️കല്‍പ്പറ്റ മേപ്പാടിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്.
◼️കണ്ണൂര്‍ ആറളം കീഴ്പ്പള്ളിയില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേല്‍, എയ്ഞ്ചല്‍ എന്നിവരെയാണ് കാണാതായത്. ജൂലൈ ഒന്‍പത് മുതല്‍ കാണാനില്ലെന്ന് സജി ആറളം പൊലീസില്‍ പരാതി നല്‍കി.
◼️പ്രശസ്ത മജീഷ്യന്‍ കുമാര്‍ കളത്തില്‍ അന്തരിച്ചു. 66 വയസായിരുന്നു. സംസ്‌കാരം ഇന്നു രണ്ടിനു തൃശൂര്‍ വടൂക്കരയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്സായിരുന്നു.
◼️തൃശൂര്‍ വെറ്റിലപ്പാറയില്‍ ആദിവാസി ബാലനെ മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പൊലീസ് പിടികൂടിയത്. വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
◼️വെറ്റേറിനറി സര്‍വ്വകലാശാലാ മണ്ണൂത്തി ക്യാംപസില്‍ നാലു ദിവസമായി ഫാം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. പശുഫാമില്‍നിന്ന് പാലെടുക്കാന്‍ വിസമ്മതിച്ച ജീവനക്കാരനെ അതേ യൂണിറ്റിലെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയതിനെതിരെയാണ് 150 ഫാം തൊഴിലാളികള്‍ ഫാമിലെ ജീവജാലങ്ങള്‍ക്കു ഭക്ഷണംപോലും നല്‍കാതെ പണിമുടക്കിയത്.
◼️പിഎം കെയര്‍ ഫണ്ടിനെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. പിഎം കെയര്‍ ഫണ്ടിന്റെ നിയന്ത്രണവും ഓഡിറ്റ് വിശദാംശങ്ങളുമാണ് കോടതി ചോദിച്ചത്. നിയന്ത്രണാധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇല്ലെന്ന് ഒരു പേജില്‍ ഒതുക്കിയ മറുപടിയാണ് നല്‍കിയത്. വിശദമായ വിവരങ്ങള്‍ നാലാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
◼️പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം മാസവും ഏഴു ശതമാനത്തിനു മുകളില്‍. ജൂണിലെ നാണ്യപെരുപ്പം 7.01 ശതമാനമാണ്. മെയ് മാസത്തില്‍ 7.04 ശതമാനമായിരുന്നു നാണ്യപെരുപ്പം.
◼️ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സിബിഐ പരിശോധന നടത്തി.
◼️ഉദയ്പൂര്‍ കൊലപാതകക്കേസിലെ പ്രതികള്‍ക്കു ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ബിജെപി വിശദീകരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക സ്ഥലത്താണ് പ്രതി താമസിച്ചിരുന്നത്. വാടക കുടിശിക ഈടാക്കാന്‍ വീട്ടുടമ പൊലീസിനെ സമീപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരായ താമസക്കാരെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഇടപെട്ടിരുന്നു. അശോക് ഗെലോട്ട് ആരോപിച്ചു. ഇതേസമയം മുഖ്യമന്ത്രിയുടെ ആരോപണം ബിജെപി തള്ളി. കേസില്‍ ഏഴു പേരെയാണ് അറസ്റ്റു ചെയ്തത്.
◼️ഹിമാചല്‍ പ്രദേശ് മുന്‍ ബിജെപി അധ്യക്ഷനും മന്ത്രിയുമായിരുന്ന ഖിമി റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖിമി റാംതന്നെയാണ് വിവരം പ്രഖ്യാപിച്ചത്. രാജ്യത്തെ വികസനത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖിമി റാമിന്റെ കോണ്‍ഗ്രസ് പ്രവേശനം.
◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്കു തിരിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് യാത്ര. നാളെ നടക്കുന്ന എഐസിസി യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തും.
◼️രാജ്യത്തെ ജനസംഖ്യാ നിന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
◼️അണ്ണാ ഡിഎംകെ ആസ്ഥാനം ആക്രമിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ പ്രതിചേര്‍ത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം പൊലീസില്‍ പരാതി നല്‍കി. താന്‍ ഇപ്പോളും പാര്‍ട്ടി ഭാരവാഹിയായതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് ഒപിഎസിന്റെ അവകാശവാദം. സംഘര്‍ഷത്തെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാന ഓഫീസ് റവന്യൂ അധികൃതര്‍ പൂട്ടി സീല്‍ വച്ചിരിക്കുകയാണ്.
◼️തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൊവിഡ് 19. സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനില്‍ പ്രവേശിച്ചു.
◼️കനത്ത മഴയില്‍ പുഴ കവിഞ്ഞൊഴുകവേ, പാലം കടക്കുകയായിരുന്ന കാര്‍ ഒഴുകിപ്പോയി മൂന്നു പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് കാര്‍ ഒഴുകിപ്പോയത്. വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
◼️ഝാര്‍ഖണ്ഡില്‍ 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ദിയോഘര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
◼️രാജ്യംവിടാന്‍ ശ്രമിച്ച മുന്‍ ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്സെയെ വിമാനത്താവളം അധികൃതര്‍ തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ബേസില്‍ രജപക്സെയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ സഹോദരനാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ബേസില്‍ രജപക്സെ. അതേ സമയം പ്രസിഡന്റ് ഗോത്തബയ രജപക്സെ ഇന്നു രാജി വയ്ക്കും. പ്രതിഷേധക്കാര്‍ നാലാം ദിനവും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തുടരുകയാണ്.
◼️ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം വെറും 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. 58 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടേയും മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
◼️ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍ക്ക് പ്രിയമേറുന്നു. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ മാത്രം പുതുതായി ചേര്‍ത്തത് 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ്. ഓഹരിവിപണി തുടര്‍ച്ചയായി നഷ്ടത്തില്‍ വീഴുമ്പോഴും മ്യൂച്വല്‍ഫണ്ടുകളിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകുന്നുവെന്നതാണ് കൗതുകം. ജനുവരി-മാര്‍ച്ച് പാദത്തില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടത് 93 ലക്ഷം നിക്ഷേപക അക്കൗണ്ടുകളായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 3.2 കോടി പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കപ്പെട്ടു. മൊത്തം അക്കൗണ്ടുകള്‍ 13.46 കോടിയായും ഉയര്‍ന്നെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ ചേര്‍ക്കപ്പെട്ട പുതിയ 51 ലക്ഷം അക്കൗണ്ടുകളില്‍ 35 ലക്ഷവും ഇക്വിറ്റി-അധിഷ്ഠിത പദ്ധതികളിലാണ്. ഇതോടെ ഇക്വിറ്റി അധിഷ്ഠിത മൊത്തം അക്കൗണ്ടുകള്‍ 8.98 കോടിയിലെത്തി.
◼️ഇന്ത്യന്‍ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം) കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) ആറുവര്‍ഷത്തെ താഴ്ചയായ 5.9 ശതമാനത്തിലെത്തി. 2016ലാണ് ബാങ്കുകളിലെ കിട്ടാക്കടം കണ്ടെത്താനായി റിസര്‍വ് ബാങ്ക് പുതിയ പദ്ധതിയായ 'അസറ്റ് ക്വാളിറ്റി റിവ്യൂ' നടപ്പാക്കിയത്. 2016ന് ശേഷം ഇതുവരെ ഈയിനത്തില്‍ ബാങ്കുകള്‍ വകയിരുത്തിയത് 16 ലക്ഷം കോടി രൂപയാണ്. ഈ നടപടികളുടെ ഫലമായി 2023 മാര്‍ച്ചോടെ കിട്ടാക്കടനിരക്ക് 5.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. ലോകത്തെ പ്രമുഖ സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ കിട്ടാക്കടബാദ്ധ്യതയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. മൊത്തം വായ്പകളുടെ 8.3 ശതമാനം കിട്ടാക്കടവുമായി റഷ്യയാണ് ഒന്നാമത്. 5.9 ശതമാനമാണ് ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടനിരക്ക്.
◼️സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. സുധി കോപ്പയുടെ 'ഐറ്റം ഡാന്‍സു'മായാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. ജൂലൈ 15ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിന്‍ സിനിമയില്‍ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്.
◼️ലേഡി സുകുമാരക്കുറുപ്പ് എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഓമനയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. യെസ് ബീ സിനിമാസിന്റെ ബാനറില്‍ സുജിത്ത് ബാലകൃഷ്ണനാണ് 'സീറോ ഡിഗ്രി സെല്‍ഷ്യസ് ' എന്ന ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ രചിച്ച നോവല്‍ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് സുജിത്ത് ബാലകൃഷ്ണന്‍. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ മുന്‍നിര നടി നായികയാവുന്ന ചിത്രത്തില്‍ തമിഴ് നടന്മാരും ഭാഗമാവും. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
◼️ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍ ജനപ്രിയ മോഡലായ പാന്‍ അമേരിക്കയുടെ ഒരു പതിപ്പ് പുറത്തിറക്കി. ഇതിനെ സ്പെഷ്യല്‍ ജിഐ എന്ന് വിളിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍, ഈ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് സമാനമാണ്. പാന്‍ അമേരിക്ക 1250 ശ്രേണിയില്‍ 1,252 സിസി, റെവല്യൂഷന്‍ മാക്സ് 1250 എഞ്ചിന്‍ ഉപയോഗിക്കുന്നു. അത് 9,000 ആര്‍പിഎമ്മില്‍ പരമാവധി 150 ബിഎച്ച്പിയും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍, പാന്‍ അമേരിക്ക രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുഎസ്ബി സി-ടൈപ്പ് ഔട്ട്‌ലെറ്റ് എന്നിവ രണ്ട് മോഡലുകളിലെയും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.
◼️നിഗൂഢതകൊണ്ട് എഴുതിയ നോവലുകളിലൂടെയും കഥകളിലൂടെയും അപസര്‍പ്പകസാഹിത്യത്തില്‍ മായാമുദ്രകള്‍ പതിപ്പിച്ച അഗത ക്രിസ്റ്റി എന്ന ജനപ്രിയ എഴുത്തുകാരിക്ക് ഇന്നും പകരക്കാരില്ല. മിസ്റ്ററിയുടെ ഈ മഹാറാണി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ ആള്‍പ്പൊക്കത്തിലേക്ക് അമ്പരപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു. ഈ കൃതി, ഒരു അന്വേഷകന്റെ സൂക്ഷ്മതയോടെ പിന്തുടരുന്നത്, അഗത ക്രിസ്റ്റിയുടെ സംഭവബഹുലമായ വ്യക്തിജീവിതവും വിശ്രമരഹിതമായ എഴുത്തുജീവിതവുമാണ്; അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം. 'അപസര്‍പ്പക മാലാഖ'. രാജന്‍ തുവ്വാര. എച്ച് & സി ബുക്സ്. വില 200 രൂപ.
◼️ഫ്രിഡ്ജിലോ ഫ്രീസറിലോ വച്ച ഇറച്ചിയിലും മീനിലും കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണാ വൈറസ് ഒരു മാസം വരെ ജീവിച്ചിരിക്കുമെന്ന് പഠനം. അപ്ലൈഡ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ചിക്കന്‍, ബീഫ്, പോര്‍ക്ക്, സാല്‍മണ്‍ തുടങ്ങിയവയില്‍ കൊറോണ വൈറസിനു സമാനമായ വൈറസുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫ്രിഡ്ജില്‍ നാലു ഡിഗ്രി സെല്‍ഷ്യല്‍ താപനിലയുലം ഫ്രീസറില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയിലുമാണ് ഉത്പന്നങ്ങള്‍ സൂക്ഷിച്ചത്. 30 ദിവസം വരെ സൂക്ഷിച്ചിട്ടും ഇവയിലെ കൊറോണ വൈറസ് അതിജീവിച്ചതായി പഠനം പറയുന്നു. തെക്കു കിഴക്കന്‍ ഏഷ്യയിലെ ചില മേഖലകളില്‍ കോവിഡ് പടര്‍ന്നത് പാക്ക് ചെയ്ത ഇറച്ചി ഉത്പന്നങ്ങളിലൂടെയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്. ഇറച്ചി, മീന്‍ ഉത്പന്നങ്ങളിലൂടെ കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നും ഇതു തടയാന്‍ അതിയായ ജാഗ്രത വേണമെന്നും പഠനം നിര്‍ദേശിക്കുന്നു. സംസ്‌കരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍, കത്തികള്‍, കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ കൈകള്‍ എന്നിവയിലൂടെയെല്ലാം ഉത്പന്നത്തില്‍ വൈറസ് എത്താന്‍ സാധ്യതയുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് ധാരാളം നിലം ഉണ്ടായിരുന്നു. ഒരു അസുഖത്തെ തുടര്‍ന്നു അയാള്‍ക്ക് മറ്റൊരു നാട്ടിലേക്കു ചികിത്സ തേടി പോകേണ്ട ആവശ്യമുണ്ടായി. അയാള്‍ തന്റെ നാല് കൂട്ടുകാരെ വിളിച്ചു തന്റെ നിലം താന്‍ തിരിച്ചു വരുന്നത് വരെ സംരക്ഷിക്കാമോ എന്ന് ചോദിച്ചു. ആദ്യത്തെ 3 പേര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. നാലാമന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. നീണ്ട നാളത്തെ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ അയാള്‍ക്ക് തന്റെ കൃഷിയിടം കണ്ടു ദേഷ്യം വന്നു. നിലം ഉഴുകുകയോ വിത്ത് വിതക്കുകയോ ചെയ്തിട്ടില്ല. ജോലി ഏറ്റെടുത്തവന്‍ മരത്തണലില്‍ കിടന്നു ഉറങ്ങുന്നു. അയാള്‍ സ്വയം ചോദിച്ചു : ആരാണ് തെറ്റുകാരന്‍.. ആഗ്രഹമില്ലാത്തതിനേക്കാള്‍ ഗുരുതര പിഴവാണ് ഉത്തരവാദിത്വമില്ലായ്മ. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ആ കര്‍മത്തോടും അത് ഏല്‍പ്പിക്കുന്നവരോടും കാണിക്കേണ്ട നീതി. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. സ്വന്തം താല്പര്യം കൊണ്ടാണോ അതൊ നിര്‍ബന്ധം കൊണ്ടാണോ ഇത് ഏറ്റെടുക്കുന്നത്, ഈ ജോലി നിര്‍വഹിക്കാനുള്ള അറിവും കഴിവും തനിക്കുണ്ടോ, പുതിയ ഉത്തരവാദിത്തം നിലവിലുള്ള കാര്യങ്ങളുടെ കാര്യക്ഷമതയെ ബാധിക്കുമോ, എന്തെങ്കിലും നേട്ടത്തിന്റെ പ്രലോഭനത്തിലാണോ താന്‍ ഈ ജോലി ഏറ്റെടുക്കുന്നത്... താല്പര്യമില്ലാത്തവയും പാടവമില്ലാത്തവയും ചുമലിലേറ്റാതിരുന്നാല്‍ രണ്ടുണ്ട് ഗുണങ്ങള്‍. ഒന്ന്..സ്വന്തം മനസമാധാവും സല്‍പേരും നഷ്ടപ്പെടുകയില്ല രണ്ട്.. അവ അര്‍ഹതയുള്ള കൈകളില്‍ എത്തിച്ചേരും. പറ്റുന്നതേ ഏറ്റെടുക്കാവൂ -
*ശുഭദിനം*
മീഡിയ16