കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വില്ലേജ് ഓഫീസുകളില്‍ സെപ്തംബര്‍ 15 വരെ എല്ലാ മാസവും മൂന്ന് ഫയല്‍ അദാലത്തുകള്‍ നടത്തും. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി വില്ലേജ് മുതല്‍ താലൂക്ക് തലം വരെ ഫയല്‍ അദാലത്ത് ഡ്രൈവ് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. വില്ലേജ് തലത്തില്‍ 10 ദിവസത്തെ ഇടവേളയില്‍ ഓരോ അദാലത്ത് വീതം ഒരു മാസം മൂന്ന് അദാലത്തുകള്‍ നടത്തും. സമാനമായി താലൂക്ക് തലത്തിലെ ഓരോ സെക്ഷനിലും എല്ലാ മാസവും മൂന്ന് അദാലത്തുകള്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ജില്ലയിലെ വില്ലേജ് തല ഫയല്‍ അദാലത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടർ നിര്‍വഹിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയ്ക്ക് കോവിഡും ഇലക്ഷനുമൊക്കെ കാരണം നിരവധി ഫയലുകള്‍ വില്ലേജ് ഓഫീസുകളില്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷത്തിലധികം ഫയലുകളാണ് റവന്യൂ വകുപ്പില്‍ തീര്‍പ്പാക്കാനുള്ളത്. ഫയലുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി വില്ലേജ്-താലൂക്ക്- സബ് ഡിവിഷന്‍-കളക്ടറേറ്റ് ഓഫീസുകള്‍ തമ്മില്‍ സഹകരിച്ച് മുന്നേറണമെന്നും നിര്‍ദേശം നല്‍കി.
ദീര്‍ഘകാലമായി പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്ന 31 ഫയലുകളാണ് കുടപ്പനക്കുന്ന് വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണം ഇതിനോടകം തീര്‍പ്പാക്കി. ബാക്കി ഉടന്‍ തീര്‍പ്പാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ജീവനക്കാര്‍. എ.ഡി.എം ജെ.അനില്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ എസ്.രാജശേഖരന്‍,തിരുവനന്തപുരം തഹസില്‍ദാര്‍ ഷാജു എം എസ്, വില്ലേജ് ഓഫീസര്‍ സാറ ഹസ്ല ഡിക്രൂസ് മറ്റു ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.