14 വർഷം, ആയിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ; ‘ആടുജീവിത’ത്തിന് പാക്കപ്പ്….

നീണ്ടകാലത്തെ കാത്തിരിപ്പാണ് പ്രേക്ഷകർക്ക് ആടുജീവിതം സമ്മാനിക്കുന്നത്. അത്രയധികം തടസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച ശേഷമാണ് ചിത്രം ഷൂട്ട് പൂർത്തീകരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും നാട്ടിലെ ഷെഡ്യൂളും അവസാനിച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പംതന്നെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

“14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍. ഒരു വിസ്മയകരമായ കാഴ്ച. ബ്ലെസിയുടെ ആടുജീവിതം പാക്ക് അപ്പ്” എന്ന തലക്കെട്ടോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 2008ലാണ് ബ്ലെസി സിനിമയുടെ തിരക്കഥയുമായി പൃഥ്വിരാജിനെ സമീപിക്കുന്നത്.

രണ്ട് വർഷത്തിലേറെയായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 2018 ൽ സിനിമയുടെ പ്രീപ്രൊഡക്ഷൻ ആരംഭിച്ചിരുന്നു. എന്നാൽ 2020 മാർച്ചിൽ കൊവിഡ് കാരണം ചിത്രത്തിന്റെ ജോർദാനിലെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് 2022 ൽ ടീം ഷൂട്ട് പുനരാരംഭിക്കുകയും ജോർദാനിലെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കുകയും ചെയ്തു. ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് സിനിമ. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ, ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.