ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കും

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക.

പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.

ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു.എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഷട്ടറുകള്‍ അടച്ചിരുന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഗുജറാത്ത്‌ തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴ ശക്തമാകാന്‍ കാരണം. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഞായറാഴ്ച രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.