ദാരിദ്രത്തിന്റെയും വിശപ്പിന്റെയും യഥാർഥ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുക, രാജ്യാന്തര സഹകരണത്തോടെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക, കാർഷിക ഉൽപന്നങ്ങളുടെ വളർച്ചക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഓരോ ഭക്ഷ്യ സുരക്ഷാ ദിനാചരണവും ലക്ഷ്യം വയ്ക്കുന്നത്.
ലോകാരോഗ്യ സംഘടനയും (World Health Organization) ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയും (Food and Agriculture Organization) ചേർന്നാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം വർഷം തോറും ആചരിക്കുന്നത്. ആരോഗ്യകരമായ നാളെയ്ക്കായി ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ എന്ന ആശയമാണ് കഴിഞ്ഞ വർഷത്തെ ഭക്ഷ്യ സുരക്ഷാ ദിനം മുന്നോട്ടു വെച്ചതെങ്കിൽ ‘സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഭക്ഷ്യ പദാർഥങ്ങൾ തിരിച്ചറിയുന്നത് പ്രയാസമാണ്. അതിനാൽ ഭക്ഷ്യസുരക്ഷയ്ക്ക് പൊതു പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. എന്നാൽ നിർഭാഗ്യവശാൽ ഇതിന്റെ ഗൗരം തിരിച്ചറിഞ്ഞു ഒരുമിച്ചു പ്രവർത്തിയ്ക്കുവാൻ നമ്മുടെ പ്രാദേശിക ഭരണകൂടങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ആഗോളതലത്തിൽ നിന്നു മാത്രം ചിന്തിക്കേണ്ട ഒന്നല്ല ഭക്ഷ്യ സുരക്ഷ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നമ്മുടെ കേരളമാണ്. കാര്യക്ഷമമായ യാതൊരു നിയന്ത്രണങ്ങളും കൂടാതെയാണ് മായം കലർന്ന മത്സ്യവും മാംസവും അതിർത്തി കടന്നെത്തുന്നത്.
ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിലെ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള മത്സ്യലേല ചന്തയിൽ നിന്ന് ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 10000 അധികം കിലോ അമോണിയം കലർത്തിയ പഴകിയ മത്സ്യങ്ങളാണ്. ഗോവ, കർണാടക, തൂത്തുക്കിടി, കൊച്ചി, നീണ്ടകര എന്നിവിടങ്ങളിൽ നിന്നും എത്തിയ്ക്കുന്ന ഈ വിഷമത്സ്യങ്ങൾ ചെറുകിട മത്സ്യവിൽപ്പനക്കാരുടെ കൈകളിലെതത്തിച്ച് അവ ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് വില്പനയ്ക്കായ് അയക്കുന്നു. നിർഭാഗ്യവശാൽ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധനകൾക്കായി മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള വെറും മൂന്ന് റീജിയണൽ ലാബുകൾ മാത്രമാണ് സജീവം.
ഭക്ഷ്യവസ്തുക്കളിലെ മായത്താൽ സംഭവിയ്ക്കുന്ന മരണങ്ങൾക്കും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ആരാണ് സമാധാനം പറയുക. ഇത്തരം ഓരോ സംഭവങ്ങളും നമുക്കിന്നും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഭക്ഷ്യ ഉൽപാദനവും സംരക്ഷണവുമെല്ലാം നമ്മുടെ കൈകളിലാണ്, സ്വയം ബോധവാന്മാരാകേണ്ടതും നമ്മൾ തന്നെയാണ്.
▪️ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രം
ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നതിന് തുടക്കമിടുന്നത്.
ആഗോളതലത്തിൽ ഭക്ഷ്യജന്യരോഗങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും, അപകടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും സംഘടനകളുടെയും സംയുക്ത സഹകരണ ശ്രമമാണിത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രാധാന്യം
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമർഹിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാർഷിക മേഖലകളിൽ ആരോഗ്യകരമായ, ശുചിത്വപരമായ രീതികൾ വളർത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്
ലോകമെമ്പാടും, ഭക്ഷണത്തിലൂടെ രോഗങ്ങളുടെ അപകടസാധ്യത ലഘൂകരിക്കുക എന്നതാണ് ലോക ഭക്ഷ്യ സുരക്ഷയുടെ ശ്രമം. ലോക ഭക്ഷ്യ സുരക്ഷ ദിനത്തിൻ്റെ പൊതു അജണ്ടയാണ് ഭക്ഷ്യ സുരക്ഷ, ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ:
1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ രോഗങ്ങൾ തടയുക
2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ നൽകുക
3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുക; മരണത്തെ തടയുക
എല്ലാത്തിനുമുപരി, ഭക്ഷ്യ സുരക്ഷ നമ്മൾ ഓരോരുരുടേയും ഉത്തരവാദിത്വമാണ്.