അതേ സമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം കേസെടുത്ത യൂത്ത് കോണ്‍ഗ്രസുകാരില്‍ ഒരാള്‍ ഒളിവിലാണ്. പ്രതിഷേധത്തിന് പിന്നാലെ പ്രതി സുനിത്കുമാര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് പോയി. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളെടുത്തത് സുനിത് കുമാറാണ്.
എന്നാല്‍ പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന വാദം പൊളിയുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ല. മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെയും നിലപാട്. പ്രതിഷേധക്കാര്‍ മദ്യലഹരിയിലായിരുന്നു എന്നായിരുന്നു ഇ.പി.ജയരാജന്‍റെ ഇന്നലത്തെ ആരോപണം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് വിമാനകമ്പനിയായ ഇന്‍ഡിഗോയും അറിയിച്ചു