ആറ്റിങ്ങൽ: വൈവിധ്യമാർന്ന വായന മാസാചരണ പ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ തുടക്കം കുറിച്ചു. കവിയും അധ്യാപകനുമായ എൻ കെ രാധാകൃഷ്ണൻ സ്കൂൾ അസംബ്ലിയിൽ കുട്ടികളുമായി സംവദിച്ചു.കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പി എൻ പണിക്കർ അനുസ്മരണം, വായന ദിന പ്രതിജ്ഞ, വായന ദിന ബാഡ്ജ് ധരിക്കൽ, വായനക്കുറിപ്പ് അവതരണം, വായന ഗാനം, കവിതാലാപനം എന്നിവ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ചുമർ മാഗസിൻ, വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ചാർട്ടുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനം സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വായന മാസാചരണ പരിപാടികളിൽ വ്യത്യസ്തങ്ങളായ പരിപാടികൾക്കാണ് ഡയറ്റ് സ്കൂൾ രൂപം നൽകിയിരിക്കുന്നത്.