രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും.രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോൺ വകഭേദങ്ങൾ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആർ 7 കടന്നു.അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും.