മുംബൈ:രണ്ടാഴ്ചയോളമായി മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്ദേയ്ക്കൊപ്പം ഗവർണറെ കണ്ടശേഷം മാധ്യമങ്ങൾക്ക് മുന്നിൽ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.താൻ സർക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നും ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടൻ നടത്തുമെന്നും ഫഡ്നാവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന, എൻ.സി.പിക്കും കോൺഗ്രസിനും ഒപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.