ഒടുവിൽ ശാപമോക്ഷം : ചിറയിൽകീഴ് - കടയ്ക്കാവൂർ റോഡ് പുനർനിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു.

ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡ് പുനർ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. പ്രദേശവാസികളുടെയും യാത്രക്കാരുടെയും വർഷങ്ങൾ നീണ്ട യാത്രാ ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

നവീകരണ പ്രവർത്തികൾ ആരംഭിച്ച ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡിന്റെ 300 മീറ്ററോളം വരുന്ന ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തീകരിക്കാതെ പകുതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. തന്മൂലം ഈ പ്രദേശങ്ങളിൽ വാഹനയാത്രക്കാർക്ക് അപകടകടങ്ങൾ സംഭവിക്കുക പതിവായിരുന്നു.

 2020ൽ പഞ്ചായത്ത് ഇലക്ഷന് നാല് ദിവസങ്ങൾക്ക് മുൻപാണ് പി.ഡബ്ല്യു.ഡി റോഡ് കരാറുകാരൻ റോഡ് വെട്ടിപൊളിച്ചിട്ടത്. ഇലക്ഷൻ കഴിഞ്ഞ് ആറ് മാസത്തോളം യാതൊരുവിധ നിർമ്മാണപ്രവർത്തനവും നടക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ ലോകായുക്തയ്ക്ക് പരാതി നൽകുകയും,റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിച്ചു. തുടർന്ന് വീണ്ടും റോഡ് നിർമ്മാണം പുനരാരംഭിച്ചിരിന്നു.

തുടർന്ന് പി.ഡബ്ല്യു.ഡിയുടേയും വാട്ടർ അതോറിട്ടിയുടേയും അധികൃതരില്ലാതെ കരാറുകാരൻ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളുടെ പാകപിഴകൾ മൂലമാണ് നല്ല രീതിയിൽ നടന്നുകൊണ്ടിരുന്ന റോഡ് പണി വീണ്ടും നിറുത്തി വയ്ക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്.

 ടാറിംഗ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബന്ധപ്പെടുമ്പോഴെല്ലാം ഇപ്പോൾ ശരിയാക്കിത്തരാം എന്ന ഉഴപ്പൻ മട്ടാണ് അധികൃതർക്കുണ്ടായിരുന്നത്.

ഇതോടെ തെക്കുംഭാഗം വാർഡ് മെമ്പർ രേഖാ സുരേഷിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച്കൊണ്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനിരിയ്ക്കെയാണിപ്പോൾ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കാൻ  അധികൃതർ മുന്നോട്ടു വന്നിട്ടുള്ളത്.