വിഷയം കത്തിച്ചാൽ വിജയനെയും സർക്കാരിനെയും തകർക്കാമെന്ന് മോഹം,ജീവിതം തുറന്ന പുസ്തകമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ആരോപണം കൊണ്ടൊന്നും തൻ്റെ പൊതുജീവിതം തകരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കൊണ്ടുവന്നു. എന്നിട്ട് ജനങ്ങളുടെ വിധിയിൽ 99 സീറ്റാണ് കിട്ടിയത്. ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നെന്ന് കേട്ടപ്പോഴാണ് താനും അറിഞ്ഞത്.വിഷയം കത്തിച്ചാൽ വിജയനെയും സർക്കാരിനെയും തകർക്കാമെന്ന് മോഹം. ജീവിതം തുറന്ന പുസ്തകം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ളപ്പാച്ചിൽ പോലെ വന്നത് ജനങ്ങൾ തള്ളി. ഞങ്ങളുടെ ജീവിതം ജനങ്ങൾക്കുമുമ്പിൽ ഉള്ള തുറന്ന പുസ്തകമാണ്. അടച്ചിട്ട മുറിയിലെ ചർച്ച എന്ന സ്വപ്നയുടെ ആരോപണത്തെ സംബന്ധിച്ച് നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന വന്നപ്പോഴെല്ലാം കോൺസുൽ ജനറലും കൂടെയുണ്ടായിരുന്നു.

നിയമ സഭയിൽ ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടിയില്ല. ചോദ്യോത്തരവേള അടക്കം തടസ്സപ്പെടുത്തി പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഏറ്റവുംവലിയ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ വിശദീകരണംകൊടുക്കാന്‍ കുറച്ച് വിഷമംതന്നെയാണ്. എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയശേഷം മാധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്എഫ്‌ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്.

ചുമരിലുള്ള ചിത്രം താഴേക്കെത്തിക്കാനുള്ള ആശയം ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്? എസ്എഫ്‌ഐക്കാര്‍ പോയശേഷമാണ് ചിത്രം തകര്‍ത്തത് എന്നത് വ്യക്തമാണ്. ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ? ഗാന്ധി ചിത്രം തകര്‍ക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് മനസ്സുവന്നത്? ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.

ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധീരജ് വധത്തിൽ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു