നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ ആശുപത്രിയിൽ മരിച്ചു

തിരുവനന്തപുരം:ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്‍റെ മരണം.  പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാൽ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ആൾക്കൂട്ട മർദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നൽകിയിരുന്നില്ല. അള്‍സറിന് ചികിത്സ തേടി ചന്ദ്രന്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകു.