*മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം*

ഒരു കുടുംബം ആദ്യമായി കാര്‍ഡെടുക്കുമ്പോള്‍, സാമ്പത്തിക ഭേദമന്യെ, വെള്ള നിറത്തിലുള്ള (എന്‍പിഎന്‍എസ്) കാര്‍ഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാര്‍ഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. മാരകമായ അസുഖങ്ങളുള്ളവര്‍ (ക്യാന്‍സര്‍, എയ്ഡ്‌സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവര്‍, നിരാലംബരായ വിധവകള്‍, സര്‍ക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവശര്‍, കിടപ്പുരോഗികള്‍ എന്നിവരുടെ അപേക്ഷകള്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. ബാക്കിയുള്ളവരുടെ റേഷന്‍ കാര്‍ഡ് ഡാറ്റയിലെ വിവരങ്ങള്‍ക്കനുസരിച്ച് ഓരോ ഫീല്‍ഡിനും നിശ്ചിത മാര്‍ക്ക് നല്‍കുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ (കുറഞ്ഞത് 30 മാര്‍ക്ക് ലഭിക്കുന്നവരെ ഉള്‍പ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയും ചെയ്യും. ആ പട്ടികയിലുള്‍പ്പെടുന്നവരുടെ അപേക്ഷകള്‍ മാത്രമേ പിന്നീട് കാര്‍ഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.

പട്ടികയിലുള്‍പ്പെടുന്ന എല്ലാവര്‍ക്കും മുന്‍ഗണനാ കാര്‍ഡ് ഉടനെ നല്‍കാന്‍ കഴിയില്ല. കാരണം അതിനുംമാത്രം ഒഴിവുകള്‍ മുന്‍ഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സാമൂഹിക- സാമ്പത്തിക വിവരവും അനുസരിച്ച് ആകെ മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡുകളിലുണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത എണ്ണത്തിനപ്പുറം അത് കൂട്ടി നല്‍കുന്നതിന് കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ കഴിയാത്തത്. ഓരോ തവണയും സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകള്‍ക്കായി വിഭജിച്ച് നല്‍കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുള്‍പ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാര്‍ഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ചാണ് കാര്‍ഡ് മാറ്റി നല്‍കുക.