മറന്നു വച്ച മൊബൈൽ എടുക്കാൻ തിരിച്ചെത്തി, ഒളിച്ചിരുന്ന കള്ളൻ പിടിയിൽ

മൂന്നാർ: യാത്ര പോയ ശേഷം മറന്ന് വച്ച ഫോണ്‍ എടുക്കാന്‍ വീട്ടുകാര്‍ തിരിച്ചെത്തിയതോടെ പിടിയിലായത് കള്ളന്‍.വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

സൈലന്റ് വാലി റോഡില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്കുസമീപം ആറുമുറി ലയത്തില്‍ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മോഹനനും കുടുംബവും വീടുപൂട്ടി ഉദുമല്‍പേട്ടയ്ക്ക് പോയി. വാഗുവാര എത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ മറന്നകാര്യം മനസ്സിലായത്. ശേഷം ഫോണ്‍ എടുക്കാനായി ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതായും മുറികളില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതായും മകന്‍ രാജേഷ് കണ്ടു. ആരോ അകത്തുണ്ടെന്ന് മനസ്സിലായതോടെ വാതില്‍ അടച്ചശേഷം നാട്ടുകാരെയും പൊലീസിനെയും ഇവര്‍ വിവരമറിയിച്ചു.

പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സീലിങ്ങിനുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചതിനെ തുടര്‍ന്ന് രക്ഷപെടുവാന്‍ വീട്ടിനുള്ളില്‍ കയറിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

വീട്ടില്‍നിന്ന്‌ ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നാര്‍ എസ് ഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.