തൃശ്ശൂർ:ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. പിതാവിന്റെ പരാതിയിൽ പോക്സോ നിയമ പ്രകാരം തൃശൂർ റെയിൽവെ പോലീസ് കേസ് എടുത്തു. എന്നാൽ അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി 7.50 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ ഇടപ്പള്ളി എത്തിയപ്പോൾ മുതൽ ആറ് പേർ ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി. എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. പെൺകുട്ടി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ അക്രമികൾ കൂടുതൽ പ്രകോപിതരായി.
അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റു. പിന്നീട് ഇവർ ആറു പേരും തൃശൂർ എത്തുന്നതിന് മുൻപ് വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പോലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറ് പേരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം.