*ഉച്ചഭക്ഷണം വഴി ഭക്ഷ്യവിഷബാധ: സ്കൂളുകളിൽ ഇന്നും നാളെയും പരിശോധന*

തിരുവനന്തപുരം/കൊല്ലം/ആലപ്പുഴ ∙ മൂന്നു സ്കൂളുകളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നു വിദ്യാർഥികൾ ചികിത്സ തേടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇന്നും നാളെയും പരിശോധന നടത്താൻ സംയുക്ത സമിതിയെ നിയോഗിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കണം. പാച‍കക്കാർക്കു പരിശീലനം നൽകാനും മന്ത്രിമാരായ ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയോട് സ്കൂൾ പാച‍കപ്പുരകൾ, ഭക്ഷണ സാധനങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, പാത്രങ്ങൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളി‍ലെയും വെള്ളം പരിശോധിക്കും. ‌‌6 മാസത്തിലൊരിക്കൽ ഇതു തുടരും. വെള്ളിയാഴ്ചകളിൽ സ്‌കൂളു‍കളിൽ ഡ്രൈഡേ ആചരിക്കാനും നിർദേശിച്ചു. സംസ്ഥാനത്തെ 12302 സ്‌കൂളു‍കളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.


അതേസമയം, വിഴിഞ്ഞം ഉച്ചക്കട സ്കൂളിൽ കുട്ടികൾക്കുണ്ടായ അസുഖം നോറോ വൈറസ് ബാധ മൂലമാണെന്നു സ്ഥിരീകരിച്ചു. 2 കുട്ടികൾക്കാണു നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കൊട്ടാരക്കര നഗരസഭയിൽപെട്ട കല്ലുവാതുക്കൽ അങ്കണവാടിയിലെ 4 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ അങ്കണവാടി വർക്കറെയും ഹെൽപറെയും സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൊട്ടാരക്കര ഐസിഡിഎസ് സൂപ്പർവൈസർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി.അങ്കണവാടിയിലെ പഴകിയ അരി ഉപയോഗിച്ചുണ്ടാക്കിയ കഞ്ഞിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ പടർന്നതെന്നാണ‌ു സംശയം. അടുക്കളയിലെ ചാക്കിൽ സൂക്ഷിച്ചിരുന്ന കീടം നിറഞ്ഞ പഴകിയ അരി അധികൃതർ കണ്ടെത്തിയിരുന്നു.

ഭക്ഷ്യവിഷബാധയെ തുടർന്ന് 36 കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ കായംകുളം പുത്തൻറോഡ് ഗവ.യുപി സ്കൂളിൽ നിന്നു ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുടെ രാസപരിശോധനാഫലം ഇന്നു ലഭിക്കും. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെല്ലാവരും നില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. സ്കൂളിന് ഇന്ന് എഇഒ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നോറോ വൈറസ്: ആശങ്ക വേണ്ട, കരുതൽ മതി 

തിരുവനന്തപുരം ∙ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും വേഗത്തിൽ ഭേദമാകുന്നതാണു നോറോ വൈറസ് ബാധ എന്നും ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. വിഴിഞ്ഞം ഉച്ചക്കട സ്കൂളിലെ 2 വിദ്യാർഥികൾക്കു വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

പകരുന്നത് എങ്ങനെ 

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു വൈറസ് രോഗം പകരുന്നത്. രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദി വഴിയും വളരെവേഗം രോഗം പകരുന്നതിനാൽ ഏറെ ശ്രദ്ധിക്കണം. 

രോഗ ലക്ഷണങ്ങൾ 

വയറിളക്കം, വയറുവേദന, ഛർദി, മനം മറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണു രോഗ ലക്ഷണങ്ങൾ. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിച്ചു ഗുരുതരമാകും എന്നതാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. 

രോഗം ബാധിച്ചാൽ 

രോഗബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം പടരാൻ സാധ്യതയുള്ളതിനാൽ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്. 

എന്താണ് നോറോ വൈറസ് 

ഉദരരോഗങ്ങൾ ഉണ്ടാക്കുന്ന വൈറസ് ആണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഇതു കാരണമാകുന്നു. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനം. ആഹാരത്തിനു മുൻപും ശുചിമുറിയിൽ പോയ ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. 

∙കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. 

∙പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കടൽ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും പാകം ചെയ്തു മാത്രം കഴിക്കുക. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ ഉപയോഗിക്കരുത്.