അച്ചനും അമ്മയും മക്കളും പൊരുതി നേടിയ നൂറുമേനിക്ക് തങ്കത്തിളക്കം..ഒപ്പം ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിനും, നഗരസഭ 31-ാം വാർഡിനും അഭിമാനനേട്ടം.... ആറ്റിങ്ങൽ നഗരത്തിലെ മേലാറ്റിങ്ങൽ വാർഡിലെ പാറവിളവീട് പണ്ട് കൈത്തറി നെയ്ത്തിന് പ്രസിദ്ധമായിരുന്നു. പത്തിലേറെ തറികൾ അവിടെ പ്രവർത്തിച്ചിരുന്നു. കാലം മാറിയപ്പോൾ ആ കഥകളൊക്കെ മാറി. അനന്തരാവകാശമായി ആ വീട്ടിലെ മൂത്ത മകൾ ഇന്ദിരക്ക് കിട്ടിയ കൈത്തറികൾ ഭർത്താവ് രവീന്ദ്രൻ നടത്തിയെങ്കിലും, പുത്തൻ വസ്ത്രരീതികൾക്ക് വഴിമാറിയപ്പോൾ ആ വ്യവസായം നിലച്ചു. പിന്നെ ജീവിതത്തിനായി പടവെട്ടലായി ആ കുടുംബം.രവീന്ദ്രന്റെ (നാട്ടിൽ അറിയപ്പെട്ടിരുന്നത് ആശാൻ എന്നാണ് ) മക്കളിൽ ഇളയവനായ ഷിബുവായി പിന്നീട് കുടുംബത്തിന്റെ അടിവേരു്. വൃദ്ധയായ മാതാവിനേയും അസുഖബാധിതനായ സഹോദരൻ സുരേഷിനേയും ഷിബുവിനെ ഏൽപിച്ചിട്ടാണ് പിതാവ് രവീന്ദ്രൻ വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞത്.. ഭാര്യ ബീനാറാണിയും മക്കളായ അപർണ്ണയും അജ്ഞനയും അടങ്ങിയ ആറംഗ കുടുംബത്തിന്റെ നായകത്വം ഏറ്റെടുത്ത് ഷിബു പടവെട്ടി . അതിന്റെ മധുരമൂറുന്ന ഫലമാതാ ഷിബുവിനും ബീനാറാണിക്കും കൈവന്നിരിക്കുന്നു --- മറ്റെന്തിനേക്കാളും വിലയും, സുഖവും, സന്തോഷവും, അഭിമാനവുമായി ഇരട്ടകളായ ഷിബുവിന്റെ രണ്ടു പെൺമക്കൾക്കും കൂടി 20 A+ . അപർണ്ണക്ക് പത്തും, അജ്ഞനക്ക് പത്തും ഫുൾ എ പ്ലസ്സ് കിട്ടിയപ്പോൾ അതീനാടിനും നാട്ടുകാർക്കും കുളിർമയും അതിലേറെ അഭിമാനവുമായി...... 2006 ഒക്ടോബർ (ചിങ്ങം ) മാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ജനിച്ച അപർണ്ണയും അജ്ഞനയും എൽ കെ ജി മുതൽ ആറാം ക്ലാസ് വരെ പെരുംകുളം എ എം എൽ പി എസ്സിലാണ് പഠിച്ചത്. തുടർന്ന് ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലായി പഠനം. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ച് ആറ്റിങ്ങലെ വിദ്യാപീഠം എന്ന പാരലൽ വിദ്യാഭ്യാസ സ്ഥാപനത്തിലും ചേർത്തു പഠിപ്പിച്ചു. വിദ്യാപീഠത്തിന്റെ ഉടമ പ്രസാദ്സാറിനോട് ഈ കടുംബത്തിന് ഏറെ കടപ്പാടുണ്ട്. രണ്ടു പേരെ പഠിപ്പിച്ചിരുന്നെങ്കിലും ഒരാളുടെ ഫീസ് മാത്രമെ വാങ്ങിയിരുന്നുള്ളു എന്ന് സന്തോഷത്തോടെയാണ് മാതാപിതാക്കൾ ഓർക്കുന്നത്. അത് വലിയ ആശ്വാസമായിരുന്നു ഈ കുടുംബത്തിന്.. വീട്ടിൽ സ്വസ്ഥമായി ഒന്നിരുന്ന് പഠിക്കാൻ പോലും സൗകര്യമില്ലാതെയാണ് അപർണ്ണയും അജ്ഞനയും ഉന്നതവിജയം കൊയ്തത്. കൊറോണക്കാലത്ത് സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ , ബന്ധു വാങ്ങി നൽകിയ ഒരു മൊബൈലിലാണ് രണ്ടുപേരും കൂടി ചേർന്ന് പഠിച്ചത്. പ്രതിസന്ധികളും പ്രയാസങ്ങളും ഏറെ സഹിച്ച്, അവയെല്ലാം തരണം ചെയ്ത് വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ അപർണ്ണയും അജ്ഞനയും അതിനായി തങ്ങളെ തയ്യാറാക്കിയ ഗേൾസ് സ്കൂളിലെ അവരുടെ ഐശ്വര്യടീച്ചറിനെ ബഹുമാനത്തോടെയാണ് ഓർമ്മിക്കുന്നത്. തങ്ങളുടെ കഷ്ടപ്പാടുകളും പ്രശ്നങ്ങളുമൊന്നും മക്കളുടെ പഠിത്തത്തെ ബാധിക്കരുതെന്ന പ്രതിബദ്ധതയോടെ മുന്നേറിയ, നിർമ്മാണത്തൊഴിലാളിയായ പിതാവ് ആർ ഷിബുവിനും തയ്യൽത്തൊഴിലാളിയായ മാതാവ് ബീനാറാണിക്കും ഇതൊരു ചരിത്രമുഹൂർത്തം തന്നെയാണ്..