സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി.
2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവിൽ ആകെ ചെലവ് 88.69 ലക്ഷമായി ഉയർന്നു. കാർണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.