അഗ്നിപഥ് ലക്ഷ്യമിട്ടത് രണ്ട് പ്രശ്നങ്ങൾക്കുള്ള പരിഹാരം; ആത്മബന്ധത്തിൽ വിള്ളലാകുമോ?

രണ്ടു പ്രശ്നങ്ങൾക്കു പരിഹാരം കാണാനുദ്ദേശിച്ചാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് എന്ന പേരിൽ നാലുവർഷ സൈനികസേവനപദ്ധതി പ്രഖ്യാപിച്ചത്. ഒന്ന്, സൈനികന്റെ ശരാശരി പ്രായം കുറയ്ക്കുക. രണ്ട്, വർധിച്ചുവരുന്ന സൈനിക പെൻഷൻ ചെലവ് വെട്ടിക്കുറയ്ക്കുക. രണ്ടും അനിവാര്യമാണെന്നു പദ്ധതിയെ എതിർക്കുന്നവർപോലും സമ്മതിക്കുന്നു.
ഇപ്പോൾ ഇന്ത്യൻ സൈനികന്റെ ശരാശരി പ്രായം മുപ്പതിനു മുകളിലാണ്. (കമ്മിഷൻഡ് ഓഫിസർമാരുടെ കാര്യമല്ല പറയുന്നത്.) ഇതു കുറച്ചുകൊണ്ടുവരാൻ അഗ്നിപഥ് പദ്ധതിക്കു സാധിക്കുമെന്നതിൽ സംശയമില്ല. പതിനേഴര മുതൽ 21–22 വയസ്സുവരെയുള്ള പതിനായിരക്കണക്കിന് അഗ്നിവീരന്മാരെ ചേർത്താൽ കൂടുതൽ യുവത്വം തുളുമ്പുന്ന സൈന്യത്തെ വാർത്തെടുക്കാം. അതോടെ പോരാട്ടവീര്യം വർധിക്കുമെന്നു മാത്രമല്ല, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭാവി പോരാട്ടങ്ങളിൽ ഇന്ത്യൻ സൈന്യത്തിനു മികവു നേടാനും സാധിക്കും.പെൻഷൻ ചെലവാണ് അടുത്തത്. ആകെയുള്ള സൈനികചെലവിന്റെ നാലിലൊന്നും പെൻഷനു നീക്കിവയ്ക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ ഏഴുകൊല്ലം മുൻപ് ഒരേ റാങ്കിന് ഒരേ പെൻഷൻ പദ്ധതി നടപ്പാക്കിയതാണു പെൻഷൻ ചെലവ് വർധിക്കാൻ പ്രധാന കാരണം. വരും വർഷങ്ങളിൽ ഈ ചെലവ് കുറച്ചുകൊണ്ടുവന്ന്, ആയുധം വാങ്ങാനും ആധുനികവൽക്കരണത്തിനും കൂടുതൽ പണം ചെലവാക്കണമെന്ന വാദവും പൊതുവേ അംഗീകരിക്കപ്പെടുന്നു. ചുരുക്കത്തിൽ പദ്ധതിയുടെ സൈനികോദ്ദേശ്യങ്ങളെക്കുറിച്ചോ സാമ്പത്തികോദ്ദേശ്യത്തെക്കുറിച്ചോ കാര്യമായ വിവാദമില്ല. പദ്ധതി നടപ്പാക്കുന്നതുമൂലം ഉയരാവുന്ന സാമൂഹിക– സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ചാണ് ആശങ്ക.

🔴ചർച്ച നടന്നിരുന്നെങ്കിൽ ഒരു പക്ഷേ...

അഗ്നിപഥ് പദ്ധതി സൈനികാസ്ഥാനത്തു മാത്രമാണു ചർച്ച ചെയ്യപ്പെട്ടത്. ഇങ്ങനെയൊരു പ്രഖ്യാപനം സാമൂഹിക– രാഷ്ട്രീയതലത്തിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നതായി അറിവില്ല. രാഷ്ട്രീയതലത്തിൽ പൊതുവേയും, പാർലമെന്റിലും സൈന്യത്തിനു പുറത്തുള്ള വിദഗ്ധരുടെ ഇടയിലും പ്രത്യേകിച്ചും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ ആശങ്കകൾക്കു കാരണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നെന്നാണു മിക്ക വിദഗ്ധരുടെയും വിലയിരുത്തൽ.
ദൂരവ്യാപക മാറ്റങ്ങൾക്കു വഴിതെളിക്കുന്നതും റിക്രൂട്മെന്റ് നയത്തെ അപേക്ഷിച്ച് കൂടുതൽ സെൻസിറ്റീവുമായ പരിഷ്കാരങ്ങൾ പോലും വിശദവും വിപുലവുമായ ചർച്ചകൾക്കുശേഷം നടപ്പാക്കുമ്പോൾ പൊതുവേ വിവാദമാകാറില്ല. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം, സംയുക്ത തിയറ്റർ കമാൻഡുകൾ തുടങ്ങിയവ ഉദാഹരണം. വിപുല ചർച്ചകളിലൂടെ വ്യക്തത കൊണ്ടുവന്ന് വിവാദമാക്കാതെ അവ നടപ്പാക്കാൻ മോദി ഭരണകൂടത്തിനുതന്നെ സാധിച്ചതാണ്.
പതിനാലുലക്ഷത്തോളം ആൾബലമുള്ള ഒരു സൈന്യത്തിന്റെ മാനവവിഭവശേഷിഘടനയിൽ മാറ്റം വരുത്തുന്നതു സൈന്യത്തിൽ മാത്രമല്ല, സമൂഹത്തിലും കാര്യമായ ചലനങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. ദീർഘകാലത്തെ സൈനിക– സാമൂഹികശാസ്ത്രപഠനങ്ങൾ മാത്രമല്ല, സാംസ്കാരിക–നരവംശശാസ്ത്രപഠനങ്ങൾ വരെ പരിശോധിച്ച ശേഷമാണ് ഇത്രയും വിപുലമായ നയം രൂപീകരിക്കേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ റോബർട്സ് പ്രഭുവിന്റെ കാലത്ത് അന്നു ലഭ്യമായ ഒട്ടേറെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്തതാണ് ഇന്നും നിലവിലുള്ള റജിമെന്റൽ സമ്പ്രദായം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കിച്നർ പ്രഭുവും രണ്ട് ലോകയുദ്ധക്കാലത്തും അതിനുശേഷവും അതതു കാലത്തെ മേധാവികളും കൊണ്ടുവന്ന ചെറിയ മാറ്റങ്ങളൊഴിച്ചാൽ ആ സമ്പ്രദായം ഏറെക്കുറെ ഇന്നും തുടരുകയാണ്.
അതിൽ കാലത്തിനനുസരിച്ചുള്ള മാറ്റം ആവശ്യമാണെന്നതിൽ തർക്കമില്ല. അതേസമയം, ഇന്ത്യയുടെ പരമ്പരാഗതമായ സാമൂഹികഘടനയോട് ഒത്തുപോകുന്ന സമ്പ്രദായമാണെന്നതിലും സംശയമില്ല. അതിനാലാണു അത് ഇത്രയും കാലം തുടർന്നുപോന്നതും പോരാട്ടമികവിൽ ലോകത്തിലെ ഏറ്റവും മികച്ച സേനയെന്ന ഖ്യാതി നേടാൻ ഇന്ത്യൻ സൈന്യത്തിനു സാധിച്ചതും. അങ്ങനെയുള്ള സമ്പ്രദായത്തിൽ മാറ്റം വരുത്തുമ്പോൾ അതിനെ വെറും സൈനികവീക്ഷണത്തിലൂടെയും സാമ്പത്തികവീക്ഷണത്തിലൂടെയും മാത്രം പഠിക്കുകയും സമൂഹത്തിലുണ്ടാകാവുന്ന വരുംവരായ്കകൾ പരിഗണിക്കാതിരിക്കുകയും ചെയ്തതാണ് ഇപ്പോൾ പ്രശ്നമായത്.

🔴നാലുവർഷം കഴിഞ്ഞാൽ മുന്നിലെന്ത്?

ഓഫിസർ റാങ്കിനു താഴെയുള്ളവരുടെ റിക്രൂട്മെന്റ് സംബന്ധിച്ചാണു പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും ജവാൻ (സിപോയ് അഥവാ ശിപായി) മുതൽ ഹവിൽദാർ വരെയുള്ള നോൺ–കമ്മിഷൻഡ് ഓഫിസർ (എൻസിഒ), അല്ലെങ്കിൽ അദർ റാങ്ക്സ് (ഒആർ) എന്നു വിളിക്കപ്പെടുന്നവരും നയ്ബ് സുബേദാർ, സുബേദാർ, സുബേദാർ മേജർ എന്നീ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരുമാണ് ഇവർ. സൈന്യത്തിൽ ഇവരുടെ എണ്ണം 13 ലക്ഷത്തിലധികമാണ്.നിലവിൽ ജവാനായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരാൾക്ക് 15 –17 കൊല്ലം മുതൽ 20 കൊല്ലം വരെ സേവനം ചെയ്ത് ആജീവനാന്ത പെൻഷനുമായി പിരിയാം. (പതിനഞ്ചുകൊല്ലം തികയുംമുൻപ് വിരമിച്ചാൽ പെൻഷൻ ലഭിക്കില്ല.) മിടുക്കനും വിദ്യാഭ്യാസമുള്ളവനുമാണെങ്കിൽ ഓഫിസർമാർ പോലും ‘സാഹെബ്’ എന്നു വിളിക്കുന്ന സുബേദാർ മേജർവരെയായി ഉയരുകയും ചെയ്യാം. സേവനകാലത്തും വിരമിച്ചശേഷവും സൗജന്യ ചികിത്സ, സർക്കാരിലെയും പൊതുമേഖലയിലെയും വിവിധ തസ്തികകളിൽ ജോലി സംവരണം, മക്കൾക്ക് ഉന്നതവിദ്യാഭ്യാസ കോഴ്സുകളിൽ മുൻഗണന, മരണശേഷം ഭാര്യയ്ക്കു പെൻഷൻ തുടങ്ങിയവ ലഭിക്കുകയും ചെയ്യും.പുതിയപദ്ധതിയനുസരിച്ച് റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരന്മാരിൽ 75 ശതമാനത്തിനും ഇതൊന്നും ലഭിക്കില്ല. മാസശമ്പളവും നാലുകൊല്ലം കഴിഞ്ഞ് വിരമിക്കുമ്പോൾ 11.71 ലക്ഷം രൂപയുമാണ് അവർക്കു ലഭിക്കുക. അതായത് അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന 25,000 പേരിൽ 18,750 പേരും നാലുകൊല്ലം കഴിയുമ്പോൾ 11.71 ലക്ഷം രൂപയുമായി നാട്ടിലേക്കു മടങ്ങണം. തുടർജോലിയോ സൗജന്യങ്ങളോ ഉറപ്പില്ല.പദ്ധതിക്കെതിരെ ജനരോഷമുയർന്നതോടെ, വിരമിച്ച അഗ്നിവീരന്മാരെ കേന്ദ്ര സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അർധസൈനിക വിഭാഗങ്ങളിലും ജോലിക്കു പരിഗണിക്കുമെന്നു സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, അവ ഉറപ്പുനൽകുന്ന നിയമപരമായ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല, മറ്റ് വിദ്യാഭ്യാസയോഗ്യത കുറവായ ഇവർക്ക് എന്തു തസ്തിക നൽകാനാവുമെന്നും വ്യക്തമല്ല.

🔴 സമൂഹം സൈനികന് നൽകുന്നത്

വിമുക്തഭടന്മാരെ അർധസൈനികവിഭാഗങ്ങളിൽ എടുക്കണമെന്ന നിർദേശം പുതിയതല്ല. കാർഗിൽ യുദ്ധത്തിനുശേഷം സുരക്ഷാകാര്യങ്ങൾ പഠിച്ച കെ.സുബ്രഹ്മണ്യം സമിതിയും ഇതു പരിഗണിക്കണമെന്നു നിർദേശിച്ചതാണ്. എന്നാൽ, അർധസൈനിക വിഭാഗങ്ങളും അവരുടെ കാര്യങ്ങൾ നോക്കുന്ന ആഭ്യന്തരമന്ത്രാലയവും തന്നെയാണ് ഇതിനു വിലങ്ങുതടിയായി നിൽക്കുന്നതെന്നാണു രസകരം.
അവരുടെ തടസ്സവാദങ്ങളിലും കഴമ്പുണ്ട്. സൈന്യത്തിന്റെ പരിശീലനവും ഓപ്പറേഷൻ സിദ്ധാന്തവും തങ്ങളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിദേശശത്രുവിനെയാണു സൈന്യം നേരിടുന്നത്. രാജ്യത്തിന്റെ ഭൂമി പ്രതിരോധിച്ചുകൊണ്ടാണ് അവരുടെ പോരാട്ടം. അതിനുതകുന്ന പരിശീലനമാണ് അവർക്കു ലഭിച്ചിട്ടുള്ളത്. റൈഫിളിന്റെ ബാരലിലെ ബയണറ്റ് മുതൽ മോർട്ടാറുകളും മൈനുകളും പീരങ്കികളും ടാങ്കുകളും റോക്കറ്റുകളും തുടങ്ങി മിസൈൽവരെ ഉപയോഗിക്കാനാണ് സൈനികനെ പരിശീലിപ്പിച്ചിരിക്കുന്നത്.ഇതല്ല, അർധസൈനികനു ലഭിക്കുന്ന പരിശീലനം. മേൽപറഞ്ഞ ആയുധങ്ങളൊന്നും അവന്റെ പക്കലില്ല. റൈഫിളാണ് അവന്റെ ഏറ്റവും ശക്തമായ ആയുധം. പ്രതിയോഗിയെ വധിക്കാനല്ല അവനെ പരിശീലിപ്പിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ ജീവനോടെ കീഴ്പ്പെടുത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ്. നാലുകൊല്ലം സൈനികൻ പ്രയോഗിക്കാൻ പരിശീലിച്ചതൊന്നും അർധസൈനിക വിഭാഗങ്ങളുടെ പക്കലില്ല. ചുരുക്കത്തിൽ നാലുകൊല്ലത്തെ സൈനികസേവനം പൂർത്തിയാക്കി വരുന്ന അഗ്നിവീരനെ (കാലാൾപ്പടക്കാരനൊഴികെ) വീണ്ടും പരിശീലിപ്പിച്ചെങ്കിലേ അർധസൈനികനാക്കി മാറ്റാനാവൂ. ഇതു കൂടുതൽ പണച്ചെലവിനു വഴിതെളിക്കുകയാണ്.സാമൂഹികപ്രശ്നങ്ങളാണ് അതിലും കടുത്തത്. തൊഴിലവസരങ്ങൾ തുലോം കുറഞ്ഞ ഇന്ത്യൻ ഗ്രാമങ്ങളിലെ മിക്ക കുടുംബങ്ങളിലും ഒരാൾ സൈനികനായി തിരഞ്ഞെടുക്കപ്പെടുന്നത് വലിയൊരു നേട്ടവും ബഹുമതിയുമായാണു കണക്കാക്കപ്പെടുന്നത്. ആറും ഏഴും അംഗങ്ങളുള്ള കുടുംബത്തിലെ ഒരാൾ സൈന്യത്തിൽ ചേരുന്നതോടെ ആ കുടുംബം രക്ഷപ്പെടുന്നു. വിവാഹവിപണിയിൽ മൂല്യം വർധിക്കുന്നു. യാത്രാസൗജന്യം, ചികിത്സാസൗജന്യം, വിദ്യാഭ്യാസസൗകര്യങ്ങൾ എന്നിവ ലഭിക്കുന്ന സൈനികന്റെ കുടുംബവും അതോടെ സാമൂഹികാന്തസ്സിൽ ഉയരുന്നു. കുടുംബസ്വത്തിന്റെ വിഭജനത്തെയും കൈവശാവകാശത്തെപ്പോലും ഇതു ബാധിക്കാറുണ്ട്. സൈന്യത്തിൽ ചേർന്ന ആളിന്റെ കൃഷിയിടം ഗ്രാമത്തിലെ സഹോദരന്മാർക്കു വിളവെടുപ്പിനു നൽകുന്ന സമ്പ്രദായം ബിഹാറിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിനു വസ്തുതർക്കകേസുകൾ കോടതികളിൽ കെട്ടിക്കിടപ്പുണ്ടെന്നത് അതിന്റെ മറുവശം.മേൽപറഞ്ഞ സൗജന്യങ്ങളും സൗകര്യങ്ങളുമൊന്നും സേവനവിമുക്തനായ അഗ്നീവിരനു ലഭിക്കില്ല. നാലുകൊല്ലം കഴിഞ്ഞു ജോലിയില്ലാതെ മടങ്ങിയെത്തുന്നതോടെ സമൂഹത്തിലും കുടുംബത്തിലുമുള്ള അവന്റെ സ്ഥാനം നഷ്ടമാവും. ഇതു കുടുംബപ്രശ്നങ്ങൾക്കു കാരണമാകുമെന്നു മാത്രമല്ല, ആയുധപരിശീലനം ലഭിച്ച നൂറുകണക്കിനു ചെറുപ്പക്കാർ തൊഴിലില്ലാതെ സമൂഹമധ്യത്തിലേക്ക് എത്തുന്നത് ക്രമസമാധാനപ്രശ്നങ്ങൾക്കും വഴിതെളിച്ചേക്കാം.

🔴മറ്റു രാജ്യങ്ങളെ മാതൃകയാക്കിയാൽ...

മറ്റുപല രാജ്യങ്ങളിലും അഗ്നിപഥിനു സമാനമായ സമ്പ്രദായം വിജയകരമായി നടപ്പാക്കിയിട്ടുണ്ട് എന്നതാണു പദ്ധതിയെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്ന വാദം. ആ രാജ്യങ്ങളിലെ സമ്പത്തിക– സാമൂഹിക വ്യവസ്ഥിതി വ്യത്യസ്തമാണെന്നതാണ് അതിനു മറുവാദം. അമേരിക്കൻ സൈന്യം സ്വന്തം ഭൂമി പ്രതിരോധിക്കുന്നില്ല. ലോകത്തിന്റെ പലയിടങ്ങളിലാണ് അവരുടെ പോരാട്ടം. ഫലത്തിൽ യുഎസ് സൈന്യമെന്നത് അനേകം ദൗത്യസേനകളാണെന്നു പറയാം. അടുത്തകാലം വരെ അഫ്ഗാനിസ്ഥാനിലും അതിനുമുൻപ് ഇറാഖിലും പണ്ട് കൊറിയയിലും വിയറ്റ്നാമിലും ഏതാനും മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന പോരാട്ടദൗത്യങ്ങളാണ് അവരുടേത്. ഓരോ ദൗത്യത്തിലേക്കും ചെറിയ കാലയളവിലേക്കായാണ് അവർ സൈനികരെ അയയ്ക്കുന്നത്. സൈനികർക്കാവട്ടെ, അപ്പോൾ ലഭിച്ചിരിക്കുന്ന പരിമിതമായ ദൗത്യത്തോടല്ലാതെ തന്റെ റജിമെന്റിനോടോ ബറ്റാലിയനോടോ മറ്റു കൂറൊന്നുമില്ല.
ഇതല്ല, ദശകങ്ങളായി ചൈനീസ് അതിർത്തിയിലും പാക്കിസ്ഥാൻ അതിർത്തിയിലും കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികന്റെ കാര്യം. സ്വന്തം ഭൂമിയാണ് അവൻ പ്രതിരോധിക്കുന്നത്. മാത്രമല്ല, ഭൂമിയോടൊപ്പം തന്റെ റജിമെന്റിനോടും ബറ്റാലിയനോടും കമ്പനിയോടും കമ്പനി കമാൻഡറോടും പ്ലാറ്റൂണിലെ ചങ്ങാതിമാരോടുമാണ് അവന്റെ കൂറ്.പോരാട്ടഭൂമിയിൽ – അത് അതിർത്തിയിലെ ശത്രുവിനെതിരെയായാലും കശ്മീർ താഴ്‌വരയിലെ ഭീകരനെതിരെയായാലും – അവർക്കെല്ലാം വേണ്ടിയാണ് അവൻ പോരാടുന്നത്. നാലുകൊല്ലത്തേക്കായി സൈന്യത്തിലെത്തുന്ന ഒരു പതിനെട്ടുകാരന്റെ ഉള്ളിൽ ഈ മൂല്യങ്ങളെല്ലാം ആഴത്തിൽ വേരോടിക്കാനാവുമോ?അഗ്നിപഥിനു സമാനമായ പദ്ധതി നടപ്പിലാക്കിയ മറ്റൊരു രാജ്യം ഇസ്രയേലാണ്. വെറും 89 ലക്ഷം ജനസംഖ്യയുള്ള ആ രാജ്യത്ത് യുവതീയുവാക്കൾക്ക് സൈനികസേവനം നിർബന്ധമാണ്. മൂന്നോ നാലോ കൊല്ലത്തെ നിർബന്ധിത സൈനികസേവനം കഴിഞ്ഞാലും, വേണ്ടത്ര ജനസംഖ്യയില്ലാത്ത ആ രാജ്യത്ത് ജോലിയും മറ്റു ജീവിതമാർഗവും ഉറപ്പാണ്.

അഗ്നിപഥിനു സമാനമായ സമ്പ്രദായം നിലവിലുള്ള മറ്റൊരു രാജ്യം റഷ്യയാണ്. മൂന്നോ നാലോ കൊല്ലത്തെ സേവനപരിചയമുള്ള സൈനികരുമായാണ് യുക്രെയ്നിൽ റഷ്യ എത്തിയിരിക്കുന്നത്. മഞ്ഞുവീണ് നനഞ്ഞുകുഴഞ്ഞ മണ്ണിൽ ടാങ്ക് യുദ്ധം സാധ്യമല്ലെന്നും സൈന്യം മുന്നണിയിലേക്കു പോകുമ്പോൾ അവർക്ക് ഇന്ധനവും വെടിക്കോപ്പും എത്തിക്കേണ്ടത് ആവശ്യമാണെന്നും പോലും അറിയാതെ പോയവർ. അവരെ വിന്യസിച്ച് യുക്രെയ്ൻ അധിനിവേശത്തിനൊരുമ്പെട്ട റഷ്യ ഇന്ന് ആയുധമേന്മ ഒന്നുകൊണ്ടുമാത്രം തകരാതെ പിടിച്ചുനിൽക്കുകയാണ്. വെറും പോരാട്ടപരിശീലനവും സാങ്കേതികമികവുമല്ല ഒരു സൈന്യത്തെ യുദ്ധസജ്ജമാക്കുന്നത്. നീണ്ട വർഷങ്ങളിലൂടെയും തലമുറകളിലൂടെയും നേടിയെടുത്ത തഴക്കവും വഴക്കവും റജിമെന്റൽ പാരമ്പര്യങ്ങളുമാണ്. അവ ഇന്ത്യൻ സൈന്യത്തിനു വേണ്ടത്രയുണ്ട്. അവ കളഞ്ഞുകുളിക്കാതെ ആധുനികയുദ്ധമുറ അഭ്യസിക്കുന്ന യുവ സൈന്യത്തെയാണ് വാർത്തെടുക്കേണ്ടത്.

🔴• ആത്മബന്ധത്തിൽ വിള്ളൽ വീഴുമോ?

അഗ്നിപഥ് പദ്ധതി സൈന്യത്തെ സംബന്ധിച്ചും ഒട്ടേറെ പ്രശ്നങ്ങൾക്കു കാരണമാകാം. സൈന്യത്തിൽ കമാൻഡ് ചെയ്യുന്നവരും കമാൻഡ് ചെയ്യപ്പെടുന്നവരും തമ്മിൽ ചില പ്രത്യേക ആത്മബന്ധങ്ങളുണ്ട്. വർഷങ്ങളോളം ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെയാണ് ഇതുണ്ടാവുന്നത്. തന്നെക്കാൾ പ്രായവും സേവനപരിചയവും പോരാട്ടപരിചയവുമുള്ള ജവാന്മാരെ ഓപ്പറേഷനിൽ കമാൻഡ് ചെയ്തുകൊണ്ട് മുന്നിൽപോകുന്ന യുവ ഓഫിസറാണ് സൈന്യത്തിന്റെ നെടുന്തൂൺ. തന്നെക്കാൾ പോരാട്ടപരിചയമുള്ള തന്റെ സൈനികർ തന്നെ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പിലാണ് ഈ യുവ ഓഫിസർ മുന്നേറുന്നത്.
മറിച്ചും അതുപോലെ തന്നെ. തങ്ങളെക്കാൾ പ്രായവും പരിചയവും കുറവാണെങ്കിലും മികച്ച തന്ത്രങ്ങൾ പയറ്റിപ്പഠിച്ച സമർഥന്മാരായ ഓഫിസർമാരാണു തങ്ങളെ മുന്നിൽനിന്നു നയിക്കുന്നതെന്ന ബോധമാണ് ഓഫിസർമാരെ കണ്ണടച്ച് അനുസരിക്കാൻ ഇന്ത്യൻ സൈനികനെ പ്രേരിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ദൃഢമായി തുടർന്നുപോരുന്ന ഈ ഓഫിസർ– ജവാൻ ബന്ധമാണ് ഇന്ത്യൻ സൈന്യത്തെ പോരാട്ടമികവിൽ ലോകത്തെ ഏറ്റവും മികച്ചതാക്കി ഇന്നും നിലനിർത്തുന്നത്. വെറും നാലുകൊല്ലത്തേക്കായി സൈന്യത്തിലെത്തുന്ന യുവാക്കളുമായി ഓഫിസർമാർക്ക് ഈ ആത്മബന്ധം സ്ഥാപിക്കാനാകുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.