രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം: എസ്.എഫ്.ഐ നേതാക്കളെ വിളിച്ചുവരുത്തി സിപിഎം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഎം വിളിച്ചുവരുത്തി. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് സിപിഎം വി്‌ളിച്ചു വരുത്തിയത്. സംഭവത്തിൽ പ്രവർത്തകർക്കെതിരെ ഇന്നു തന്നെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.അതേസമയം കേസിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങളെ പിന്തുണക്കില്ലെന്നും എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. സമരവും ആക്രമണവും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. അതേസമയം സംഭവത്തിൽ എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേരെ പൊലീസ് അറസ്റ്റു ചെയ്തു.വയനാട് ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടി. എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമത്തിനെതിരെ ഇന്നലെ വൈകീട്ടും രാത്രിയുമായി വയനാട്ടിൽ പ്രതിഷേധം നടന്നിരുന്നു. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ഓഫീസ് സന്ദർശിക്കാനുള്ള സാധ്യതയുണ്ട്. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് നടപടി. സംഭവത്തിൽ പൊലീസ് ഇന്നലെ തന്നെ കേസ്് രജിസ്റ്റർ ചെയ്തിരുന്നു. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ വയനാട്ടിൽ വിപുലമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിയോടു കൂടെയാണ് പ്രതിഷേധ പരിപാടിയുണ്ടാവുക.ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.