വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും എജിയുമായും ചര്‍ച്ച നടത്തും. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധി രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. നിയമത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും എജിയുമായും ചര്‍ച്ച നടത്തും. വിഷയത്തില്‍ സര്‍ക്കാരിന് പ്രഖ്യാപിത നിലപാടുണ്ട്. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഒരു കിലോമീറ്റര്‍ എന്ന പരിധി വച്ചാല്‍ അവിടത്തെ ജനവാസമേഖല എന്തു ചെയ്യും?, കര്‍ഷകരായാലും സാധാരണക്കാരായാലും അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം. അതുകൊണ്ടാണ് ദൂരപരിധി നിശ്ചയിക്കാതെ ജനവാസമേഖലകളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്. വനംവകുപ്പിനെ സംബന്ധിച്ച് വനവും വന്യജീവികളെയും സംരക്ഷിക്കുകയാണ് മുഖ്യം. ഇതോടൊപ്പം ജനവാസമേഖലയില്‍ താമസിക്കുന്നവരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്ന് ജനവാസ മേഖലകള്‍ നിരവധിയാണ്.
സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.