കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് ദേശീയപാത ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോട്ടയത്ത് മാർച്ചിൽ പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു.
കൊച്ചിയിൽ മാർച്ചിൽ കയ്യേറ്റം. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.കൊല്ലത്ത് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നേറിയതോടെ, പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി.
കാസര്‍കോട് ബിരിയാണി ചെമ്പുമേന്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
കണ്ണൂരില്‍ കളക്ടറേറ്റ് മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍്തതകര്‍ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കണ്ണൂരില്‍ മാര്‍ച്ച് അക്രമാസക്തമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. സംഘര്‍ഷം ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസില്‍ അറിയിച്ചു.