നാവായികുളം നൈനാം കോണം കോളനിയിലെ രണ്ടാംഘട്ട പട്ടയം വിതരണം ചെയ്തു.

നാവായിക്കുളം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ഇടത് സർക്കാരിൻറെ മുദ്രാവാക്യത്തെ അർത്ഥവത്താക്കി നാവായികുളം ഗ്രാമപഞ്ചായത്തിലെ നൈനാം കോണം കോളനിയിൽ രണ്ടാംഘട്ടത്തിൽ 58 കുടുംബങ്ങൾക്ക് അഡ്വ.വി. ജോയി എം.എൽ.എ   പട്ടയം വിതരണം ചെയ്തു. ഒട്ടേറേ ചരിത്ര പ്രാധാന്യമുള്ള കോളനിയാണ് നൈനാം കോണം കോളനി . ഇവിടെ 200 ലധികം കുടുംബങ്ങൾ നൂറ്റാണ്ടുകളായി കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ഇവർക്ക് പട്ടയം ലഭിക്കുന്നതിനായി മേധാ പട്ക്കറും, മൈയിലമ്മയും അടക്കമുള്ളവർ വിവിധ ഘട്ടങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 6 വർഷമായി വി. ജോയ് എംഎൽഎ യുടെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി നൈനാംകോണം കോളനിയിൽ ഒന്നാംഘട്ടത്തിൽ 100 ഓളം പട്ടയം വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 58 കുടുംബങ്ങൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം  യാഥാർഥ്യമാക്കിയതിൽ  അതിയായ സന്തോഷമുണ്ടെന്ന്  എംഎൽഎ കൂട്ടിച്ചേർത്തു. കൂടാതെ മണ്ഡലത്തിലെ  ബാക്കിയുള്ള അർഹരായിട്ടുള്ളവരുടെ  അപേക്ഷയിൻ മേൽ പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും ,നടപടി പൂർത്തീകരിച്ച് അതിവേഗം പട്ടയം ലഭ്യമാക്കുമെന്നും  എംഎൽഎ അറിയിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ബേബി രവീന്ദ്രൻ , വൈസ് പ്രസിഡന്റ് സാബു , ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഹാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സലൂജ, പഞ്ചായത്ത് അംഗം ഷജീന, പൊതു പ്രവർത്തകരായ സുധീർ , സലിംകുമാർ , തഹസിൽദാർ മോഹൻ , വില്ലേജ് ഓഫീസർ ബേബി തുടങ്ങിയവർ പങ്കെടുത്തു.