കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിത വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാകുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിത അമ്മമാർ എന്നീ വിഭാഗത്തിലുള്ള വനിതകൾക്കായി സർക്കാർ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതിയാണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി.
ഈ പദ്ധതിയിൽ 2016ൽ ഭിന്നശേഷിക്കാരായ വനിതകളെയും ശയ്യാവലംബരും നിത്യരോഗികളുമായ (അക്യുട്ട് കിഡ്നി പ്രോബ്ലം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കന്മാരുള്ള വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ നിലവിലുള്ള തൊഴിൽരഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരും (അവിവാഹിതരായ സ്ത്രീകൾക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം) കുടുംബവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവരും വിദ്യാർത്ഥികൾ അല്ലാത്തതുമായ വനിതകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യാൻ ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. 50,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3 ശതമാനം ഫ്ളാറ്റ് റേറ്റിൽ പലിശ ഈടാക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും.
സംരംഭം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുകയും ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടച്ചവർക്കും സംരംഭം വിപുലീകരിക്കാൻ ആദ്യ വായ്പ തുകയുടെ 80 ശതമാനം കവിയാത്ത തുക തുടർ വായ്പയായി (ഒരിക്കൽ മാത്രം) കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കും.
ബിരുദധാരികളായ വനിതകൾക്കും പ്രൊഫഷണൽ/ സാങ്കേതിക യോഗ്യതയുള്ളവർ, ഐറ്റിഐ/ ഐറ്റിസികളിൽ നിന്ന് വിവിധ ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റുള്ളവർക്കും മുൻഗണനയുണ്ട്. വായ്പ ലഭിക്കുന്നവർ ആരംഭിച്ച സംരംഭവും വായ്പ തിരിച്ചടവും നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാം എന്ന ഉറപ്പിൽ അവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലികവും സ്ഥിരവുമായ ഒഴിവുകൾക്ക് പരിഗണിക്കും. ഈ പദ്ധതിയിൽ ധനസഹായം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ല.
റവന്യു അധികാരി നൽകുന്ന മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ രേഖകളിൽ ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ശരണ്യ സ്വയം തൊഴിൽ വായ്പ പദ്ധതിക്കുള്ള അപേക്ഷാ ഫോം ലഭിക്കും.
തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടിന്റെ വിവരം ഉൾപ്പെടെ അപേക്ഷ തയ്യാറാക്കി, മേൽവിലാസം തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ/ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സമർപ്പിക്കണം.
ഈ അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് കൈമാറും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാകുന്ന അപേക്ഷകൾ കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതിക്ക് മുന്നിൽ സമർപ്പിക്കും.
ജില്ലാതല സമിതി അപേക്ഷകയുമായി കൂടിക്കാഴ്ച നടത്തി തീർപ്പു കൽപ്പിക്കും. വായ്പ അനുവദിക്കുന്നതും എത്ര തുക അനുവദിക്കണമെന്നും തീരുമാനിക്കുന്നത് ജില്ലാ സമിതിയാണ്. പാസാക്കിയ അപേക്ഷകർക്ക് ആർ.എസ്.ഇ.ടി.ഐ (RSETI) വഴി ഒരാഴ്ച സംരംഭകത്വ പരിശീലനം നൽകുന്നു. പരിശീലനത്തിന് ശേഷമാണ് ഗുണഭോക്താവിന് അക്കൗണ്ടിലേക്കാണ് വായ്പ തുക കൈമാറുന്നത്. 5 വർഷമാണ്
തിരിച്ചടവ് കാലാവധി. ഒരു മാസം 420 രൂപ വീതം തിരിച്ചടയ്ക്കണം. പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങൾ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ വിഭാഗത്തിലെ എംപ്ലോയ്മെന്റ് ഓഫീസർ നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും.
#sthreekalkkayi #saranya #loanscheme #employment