മുതലപ്പൊഴി ഹാർബർ : വാർഫിൽ പ്രവേശിക്കുന്നതിന് വള്ളങ്ങൾക്ക് നിയന്ത്രണം.

അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ മത്സ്യവുമായി വരുന്ന  വലുതും , ചെറുതുമായ വള്ളങ്ങൾ മത്സ്യം ഇറക്കിയ ശേഷം വാർഫിനു മുന്നിൽ നിന്നും സൗകര്യപ്രദമായ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റേണ്ടതാണെന്ന അറിയിപ്പ് നൽകി ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ.

മത്സ്യം ഇറക്കിയ ശേഷം വലിയ വള്ളങ്ങൾ വാർഫിനു മുന്നിൽ നിന്നും മാറ്റാത്തത് വള്ളങ്ങൾ വാർഫിലേക്ക് ചെറിയ വള്ളങ്ങൾ അടുക്കാൻ പ്രയാസമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

കൂടാതെ ഇനിമുതൽ വള്ളങ്ങളിൽ വച്ച് മത്സ്യം വേർതിരിച്ച ശേഷം മാത്രം ചരക്കുമായി ഹാർബറിൽ പ്രവേശിക്കണമെന്നും ലേല ഹാളിലും വാർഫിലും വല , ബോക്സ് എന്നിവ സൂക്ഷിക്കാൻ പാടുള്ളതല്ലെന്നും  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറിന്റെ അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസം ഹാർബറിൽ മത്സ്യവുമായി എത്തിയ ഏതാനും വള്ളങ്ങൾ അധികസമയം വാർഫിൽ കെട്ടിയത് മറ്റുവള്ളങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു, ഇതിനെ ചോദ്യം ചെയ്ത് തൊഴിലാളികൾ രംഗത്ത് വന്നത് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായിരുന്നു.