തൃശൂരിൽ ബൈക്ക് പോയി, ഹെൽമെറ്റ് വയ്ക്കാത്തതിന് കാട്ടാക്കടയിൽ നിന്ന് ഉടമയ്ക്ക് നോട്ടിസ്, കള്ളനെ പിടിച്ച് പൊലീസ്

തൃശ്ശൂർ: മോഷ്ടിച്ച ബൈക്കുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കുടുക്കി. തിരുവനന്തപുരം അരുവിപ്പാറ സ്വദേശി വിഷ്ണുവിനെ ആണ് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. പുത്തൂർ സ്വദേശി സൂരജ് കുമാറിന്‍റെ ബൈക്കാണ് മാർച്ച് നാലിന് മോഷണം പോയത്. പിറ്റേ ദിവസം പരാതി നൽകിയെങ്കിലും കേസിൽ ഒരു തുമ്പും ഉണ്ടായില്ല. ജൂണ്‍ പന്ത്രണ്ടിന് ബൈക്കുടമ സൂരജിന് കാട്ടാക്കട പൊലീസിൽ നിന്ന് ഒരു നോട്ടീസ് കിട്ടി. ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനായിരുന്നു നോട്ടീസ്. വിവരം സൂരജ് തൃശ്ശൂർ ടൗണ്‍ വെസ്റ്റ് പൊലീസിൽ അറിയിച്ചു. ടൗണ്‍ പൊലീസ് കാട്ടക്കടയിൽ എത്തി സിസിടിവി ദൃശ്യം പരിശോധിച്ചു. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കാട്ടാക്കടയ്ക്ക് സമീപത്ത് നിന്ന് പിടികൂടി. ഹെൽമെറ്റ് വയ്ക്കാത്തതിനുള്ള പിഴയിലൂടെ വണ്ടി തന്നെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്  സൂരജ്. ആദ്യം ഒളിച്ചുകളിച്ചെങ്കിലും മോണത്തിൽ വിഷ്ണുവിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തായ വർക്കല സ്വദേശി ഫാന്‍റം പൈലി എന്നറിയപ്പെടുന്ന ഷാജിയിൽ നിന്നാണ് വാഹനം കിട്ടിയതെന്നായിരുന്നു വിഷ്ണു പൊലീസിനോട് പറഞ്ഞത്. അന്വേഷണത്തിൽ ഇരുവരും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. ഒന്നാംപ്രതിയായ ഷാജി മറ്റൊരു കേസിൽ പെട്ട് നിലവിൽ ജയിലിലാണ്. അറസ്റ്റിലായ വിഷ്ണുവിന്‍റെ പേരിൽ വാഹന മോഷണം ഉൾപ്പടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.