സേതുനായർ ആവശ്യപ്പെ‌ട്ടു, ശരത് പിള്ള കുളിദൃശ്യങ്ങൾ പകർത്തി; യുവതി അറിഞ്ഞിട്ടും ദൃശ്യങ്ങൾ സുഹൃത്തിനയച്ചു

പത്തനംതിട്ട:  ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്. സേതുനായർ ആവശ്യപ്പെ‌ട്ടതനുസരിച്ചാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ശരത് പിള്ള ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.പിന്നീട് വീട്ടിലെത്തി സേതുവിന് അയച്ചുകൊടുത്തു. കുളിമുറിയുടെ വെന്റിലേഷനിലൂടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ശരത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാള്‍ പറഞ്ഞിട്ടാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ശരത് എസ് പിള്ള പൊലീസിന് മൊഴിനല്‍കി.
പൊലീസ് സേതു നായരെ അറസ്റ്റ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള ദേഷ്യം കാരണമാണ്
ന​ഗ്നദൃശ്യങ്ങൾ പകർത്താൻ ശരത്തിനെ ച‌ട്ടം കെ‌ട്ടിയതെന്ന് ഇയാൾ പറഞ്ഞു. യുവതി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലായതോടെ ഇയാള്‍ ശരത്തിനെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം, പ്രതികളുടെ ഫോണുകള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിൽ പരിശോധനയ്ക്കയച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എസ്ഐ അനൂപ്, എഎസ്ഐ വിനോദ്, എസ്‌സിപി ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.