ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ്,സാക്കിയ ജാഫ്രിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.

ഹൈക്കോടതി വിധിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി കോടതി തള്ളി.

ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ വന്‍ ഗുഢാലോചന നടന്നെന്നും, ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.

കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ സാക്കിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കലാപത്തിന് പിന്നില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കോ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കോ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

2012 ഫെബ്രുവരി എട്ടിന് നല്‍കിയ എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ മോദി അടക്കം 63 പേരെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.

അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കലാപത്തില്‍ ഇഹ്‌സാന്‍ ജാഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. ഗോധ്രയില്‍ 59 പേരുടെ മരണത്തിനിടയാക്കിയ സബര്‍മതി എക്‌സ്പ്രസ് തീവെച്ച സംഭവത്തിന് പിറ്റേന്നാണ് അഹമ്മദാബാദില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്ത് കലാപത്തില്‍ ആകെ 3000 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.