കൊല്ലം: സ്‌കൂളിൽ യൂണിഫോമിന് അളവെടുക്കാൻ വന്നയാൾ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. പ്രതി ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തു.ശാസ്താംകോട്ടയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് യൂണിഫോമിന് അളവെടുക്കാൻ പി.ടി.എ നിയോഗിച്ചതാണ് ലൈജു ഡാനിയലിനെ. അളവെടുക്കുന്നതിനിടെ ഇയാൾ കുട്ടികളുടെ ശരീര ഭാഗങ്ങളിൽ തൊട്ട് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. സ്‌കൂളിൽ നിന്ന് യൂണിഫോമിനുള്ള തുണി മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നത് എന്ന ചോദ്യം രക്ഷകർത്താക്കൾ ഉന്നയിക്കുന്നു.വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞ് പോയതിനാലാണ് കുട്ടികളുടെ അളവെടുക്കാൻ ആളെ നിയോഗിച്ചതെന്ന് പി.ടി.എ അധികൃതർ പറഞ്ഞു. രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകിയതിന് ശേഷമാണ് സ്‌കൂൾ അധികൃതർ പരാതിയുമായി എത്തിയത് എന്നും ആക്ഷേപമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശൂരനാട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.