സംസ്ഥാനത്ത് വ്യാപക സംഘർഷം,പലയിടത്തും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുന്നതിനൊപ്പം കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിനെതിരെ കോണ്‍ഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. പലയിടത്തും സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. കെ സുധാകരൻ്റെ  ഭാര്യ സഹോദരിയുടെ വീടിനുനേരെ കല്ലേറുണ്ടായി. വെള്ളയമ്പലത്തെ സിഐടിയു ഓഫീസ് കോൺഗ്രസ് പ്രവർത്തകർ തകർത്തതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായി.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിൽ ഡിസിസി ഓഫീസിന് നേരെ കല്ലേറ്. പയ്യന്നൂരിലും തലശ്ശേരിയിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമം. കാസര്‍ഗോഡ് നീലേശ്വരത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. അടൂരിലും സമാന സംഭവമുണ്ടായി. മുല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരു പ്രവർത്തകൻ്റെ തലയ്ക്ക് പരിക്കേറ്റു