കഴക്കൂട്ടം • ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ബസിനുള്ളിൽ കയറി കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകർത്തു. ബാഗിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെന്നും പരാതി. മർദനം ഏറ്റ വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ വർക്കല സ്വദേശി എം. സുനിൽ കുമാർ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.ഇന്നലെ രാത്രിയാണ് സംഭവം പോത്തൻകോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്കു പോയ ബസ് ചേങ്കോട്ടുകോണത്ത് നിർത്തുമ്പോൾ ഒരാൾ പിൻ വാതിൽ തുറന്നിട്ട് റോഡിൽ നിന്ന രണ്ടു പേരുമായി സംസാരിച്ചു നിന്നു. കണ്ടക്ടർ ബല്ലടിച്ചിട്ടും ഇയാൾ ഡോർ അടക്കാത്തതിനാൽ കണ്ടക്ടർ തന്നെ കയർ വലിച്ച് ഡോർ അടച്ച് ബല്ല് കൊടുത്തു.ഇതു സംബന്ധിച്ച് ബസിലുണ്ടായിരുന്ന ഈ യുവാവുമായി വാക്കേറ്റം നടന്നു. ബസ് ഉദയഗിരി എത്തിയപ്പോൾ ബസിനെ പിൻ തുടർന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ ബസ് തടഞ്ഞിട്ടു. ഇവർ ബസിൽ കയറി ബസിൽ ഉണ്ടായിരുന്ന ഒരാളും ചേർന്ന് തന്നെ മർദിക്കുകയും ഇടിക്കട്ട കൊണ്ട് മൂക്കിന്റെ പാലത്തിൽ ഇടിക്കുകയും ചെയ്ത ശേഷം ബാഗിൽ ഉണ്ടായിരുന്ന പണവുമായി കടന്നു എന്നാണ് കണ്ടക്ടർ ശ്രീകാര്യം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.കണ്ടാൽ അറിയാവുന്ന മൂന്നു പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് പരാതിയിൽ ഉണ്ട്. ചേങ്കോട്ടുകോണം മുതൽ ഉദയഗിരി വരെയുള്ള ഭാഗങ്ങളിലെ സിസി ക്യാമറ ദൃശ്യങ്ങൾ കഴക്കൂട്ടം-ശ്രീകാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.