കൊച്ചി:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ അറസ്റ്റിൽ. കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. പതിന്നാല് ദിവസത്തേക്ക് റിമാൻഡിലായ ആർഷോക്ക് ജയിലിന് പുറത്ത് എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച്, മാലയുമിട്ട് സ്വീകരണം നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും ആർഷോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഒളിവിൽ എന്നതായിരുന്നു പൊലീസ് വിശദീകരണം. ഇതിനിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സെൻട്രൽ എ.സി.പിയുടെ ടീമാണ് പി.എം. ആർഷോയെ അറസ്റ്റ് ചെയ്തത്. ജയിലിന് പുറത്ത് സ്വീകരണം ഏറ്റുവാങ്ങാൻ അവസരം നൽകിയതിനെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.