ഭക്ഷ്യമന്ത്രിക്ക് നൽകിയ ചോറിൽ തലമുടി

തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് നൽകിയ ചോറിൽ തലമുടി. തുടർന്ന് ഭക്ഷണം മാറ്റി നൽകി. കോട്ടൺഹിൽ എൽപി സ്‌കൂളിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഭക്ഷ്യ മന്ത്രി. പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നൽകിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടർന്ന് ഭക്ഷണം മാറ്റി നൽകുകയായിരുന്നു.
പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി.അതേസമയം, വിദ്യാർഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽനടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങൾ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്‌കൂളിൽ അരി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് അധികൃതരുടെ തീരുമാനം.കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ സ്‌കൂളുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലർത്തണം. സ്‌കൂളുകളിലെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.