കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, നവവധുവിന്റെ മരണം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ:ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞമാസം 26 നാണ് കൊല്ലം സ്വദേശിനിയായ ഹെനയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.

ആറ് മാസം മുൻപാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്. കുളിക്കുന്നതിനിടെ കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിക്കുകായിരുന്നെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടുകാരെ അറിയിച്ചത്. സാധാരണ അപകടമരണമാണെന്നാണ് തുടക്കത്തില്‍ വീട്ടുകാരും കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മരണവുമായി ബന്ധപ്പട്ട് ചില സംശയങ്ങള്‍ ഉന്നയിച്ചു. ഭര്‍തൃവീട്ടുകാരുടെ വിശദീകരണവും പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

വിശദമായ ചോദ്യം ചെയ്യലിനിടെ ഭാര്യയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് അപ്പുക്കുട്ടന്‍ പൊലീസിനോട് പഞ്ഞു. ഹെനയ്ക്ക് ചില മാനസിക ദൗര്‍ബല്യങ്ങളുണ്ടയിരുന്നതായി പൊലീസ് പറഞ്ഞു. മാനസികദൗര്‍ബല്യങ്ങള്‍ ഉണ്ടെന്നറിഞ്ഞു തന്നെയാണ് അപ്പുക്കുട്ടന്‍ ഹെനയെ കല്ല്യാണം കഴിച്ചതെന്നും, ഇതിനായി കൂടുതല്‍ തുക സ്ത്രീധനം വാങ്ങിയതായും പൊലീസ് പറഞ്ഞു. വിവാഹശേഷം ഇയാള്‍ കൂടുതല്‍ പണത്തിന് ആവശ്യപ്പെട്ടിരുന്നു. 7 ലക്ഷം രൂപ ചോദിച്ചുവെന്ന് ഹെനയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട് എന്നാല്‍ പണം കൊടുക്കാന്‍ ഭാര്യവീട്ടുകാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്ന് അപ്പുക്കുട്ടന്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.