പ്രവാസിയുടെ കൊലയ്ക്ക് പിന്നിൽ പത്തംഗസംഘം, ആദ്യം സഹോദരനെ ബന്ധിയാക്കി, തർക്കം ഡോളർ കടത്തുമായി ബന്ധപ്പെട്ടെന്ന് സൂചന

കാസർഗോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന.പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

റയീസ്, നൂര്‍ഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത് അന്‍സാരിയെയും തട്ടിക്കൊണ്ടു പോവുകയും ഇവരെ തടവില്‍ വെച്ച്‌ സിദ്ദിഖിനെ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിക്കുകയുമാണ് ചെയ്തത്. സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്. പിന്നാലെ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുത്തേറ്റതിന്റെയും മര്‍ദനത്തിന്റേയും പാടുകള്‍ സിദ്ദിഖിന്റെ ശരീരത്തിലുണ്ട്. സിദ്ദിഖിന്റെ സഹോദരന്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളേയും സംഘം ആശുപത്രിയില്‍ ഉപേക്ഷിച്ചു. കുമ്ബള പൊലീസ് മംഗളൂരുവിലെത്തി അന്‍വറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരിയെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടില്ല.