ഷാര്‍ജ: കാറിനുള്ളില്‍ 20കാരിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്. യുവതിയെ വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാനില്ലെന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ കുടുംബവുമായി തര്‍ക്കങ്ങളുള്ള ഒരാള്‍ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ കാറും മൃതദേഹവും കണ്ടെത്തുകയായിരുന്നെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. തുടര്‍ന്ന് സംഘം തെരച്ചില്‍ നടത്തുകയും 120 മിനിറ്റിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസില്‍ പിടികൊടുക്കാതിരിക്കാന്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റം സമ്മതിച്ച പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.