അമ്മ യോഗത്തിൽ പങ്കെടുത്ത് വിജയ് ബാബുവും, ശ്വേതാ മേനോനും യോഗത്തിൽ

കൊച്ചി:നടിയെ ബലാത്സം​ഗം ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന നടന്‍ വിജയ് ബാബു താരസംഘടനയായ അമ്മ യോ​ഗത്തിന് എത്തി.എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്ന വിജയ് ബാബു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനാണ് എത്തിയത്. വിജയ് ബാബുവിനെ മറ്റ് അം​ഗങ്ങള്‍ വരവേറ്റു.

പീഡന ആരോപണം വന്നതിനു പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗത്വത്തില്‍ നിന്ന് വിജയ് ബാബു രാജിവച്ചിരുന്നു. കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ചായിരുന്നു രാജി. നിലവില്‍ ഇദ്ദേഹം സംഘടനയില്‍ അം​ഗമാണ്. അതിനാലാണ് ഇന്ന് യോ​ഗത്തില്‍ പങ്കെടുക്കുന്നത്. പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു യോ​ഗത്തിന് എത്തിയത്. തിങ്കളാഴ്ച മുതല്‍ ഏഴുദിവസത്തേക്ക് തുടര്‍ച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്.

കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോ​ഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്‌കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം. കോവിഡ്മൂലം കഴിഞ്ഞ രണ്ടുവര്‍ഷം സംഘടനയ്ക്കു താരഷോ പോലുള്ള പരിപാടികള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു മുൻപ് നടത്തിയ താരഷോയില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു.വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും യോഗത്തില്‍ ഉന്നയിച്ചേക്കും. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന നടപടിയെടുത്തില്ലെന്നാരോപിച്ച്‌ നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാലാ പാര്‍വതി, ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.