സമൂഹത്തില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി വനിതാ ശിശുവികസന വകുപ്പ് തപാല്‍ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'രക്ഷാ ദൂത്'.
ഗാര്‍ഹിക പീഡനങ്ങളും അതിക്രമങ്ങളും നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉടനടി സഹായം ലഭ്യമാക്കുന്ന വിധത്തിലാണ് രക്ഷാ ദൂത് രൂപപ്പെടുത്തിയിട്ടുള്ളത്. അതിക്രമം നേരിട്ട സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പദ്ധതിയിലൂടെ പരാതി അറിയിക്കാം.
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ്മാസ്റ്ററിന്റെ സഹായത്തോടെ മേല്‍വിലാസം പിന്‍കോഡ് സഹിതം പേപ്പറില്‍ എഴുതി പരാതിക്കാര്‍ക്ക് ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ അതിക്രമം അനുഭവിക്കുന്ന സ്ത്രീക്കോ കുട്ടികള്‍ക്കോ ഒരു വെള്ളപേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കുമ്ബോള്‍ കവറിന് പുറത്ത് തപാല്‍ എന്ന് എഴുതിയാലും മതിയാകും.
ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്നും നേരിട്ട് ഇ-മെയില്‍ വഴി വനിതാശിശു വികസന വകുപ്പിന് അയച്ചുകൊടുക്കുകയും അതുവഴി അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികളുടെ പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഈ പദ്ധതി അനുസരിച്ച് പരാതിപ്പെടുമ്ബോള്‍ പരാതിക്കാരുടെ മേല്‍വിലാസം മാത്രം രേഖപ്പെടുത്തുന്നതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം പുറത്തറിയില്ലെന്ന പ്രത്യേകതയുണ്ട്.
പരാതികള്‍ എഴുതാന്‍ കഴിയാത്തവരെയും പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളത്തിലെ എല്ലാ ജില്ലകളിലും 'രക്ഷാ ദൂത്' സേവനം വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്.കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ 9400088166, 04994293060 ഹെല്‍പ് ലൈന്‍ നമ്ബറുകളില്‍ ബന്ധപ്പെടാം