‘
വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിളക്കിലെ എണ്ണ വീണ് പൊള്ളലേറ്റ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ തനിക്ക് വലിയ അപകടമൊന്നുമില്ലെന്ന് വ്യക്തമാക്കി ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്ത്. “SAY NO TO PLASTIC” പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ എന്ന് കുറിച്ചുകൊണ്ടാണ് രസകരമായ പോസ്റ്റ് ആരംഭിക്കുന്നത്. പൊള്ളലേറ്റ് ആശുപത്രിയിൽ കിടക്കുന്ന ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.” പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. “വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..എല്ലാവരോടും സ്നേഹം”. – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.ബുധനാഴ്ച രാത്രിയാണ് ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിളക്കിലെ എണ്ണ വീണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റത്. വൈപ്പിനിലെ ലൊക്കേഷനിൽ വച്ചായിരുന്നു അപകടം. പൊള്ളലേറ്റ വിഷ്ണുവിനെ ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വിഷ്ണുവിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻഎം ബാദുഷ രംഗത്തെത്തിയിരുന്നു. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നും ബാദുഷ വ്യക്തമാക്കി.