വർക്കലയിൽ ബി.ജെ.പി - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ പ്രതിഷേധ പ്രകടനത്തിനിടെ വാക്കേറ്റവും, കൈയാങ്കളിയും.

വർക്കലയിൽ ബി.ജെ.പി - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വാക്കേറ്റവും, കൈയാങ്കളിയും സംഘർഷവുമുണ്ടായി.വ്യാഴാഴ്ച രാത്രി 7.30 ഓടെ ഇരുവിഭാഗവും നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.

 പി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനവുമായി ബി.ജെ.പി പ്രവർത്തകരും വർക്കല ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നീങ്ങുകയും ഇതിനിടെ പരസ്പരം പോർവിളികൾ നടത്തി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.വർക്കല നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരായ അനു, വിജി ആർ.വി, ഷീന ഗോവിന്ദ്, ജി.കെ. ഉണ്ണി എന്നിവരടക്കം നിരവധി പേർക്ക് മർദ്ദനമേറ്റതായി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ ആരോപിച്ചു.

 ബി.ജെ.പി പ്രവർത്തകരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളായ ലെനിൻ രാജ് ഉൾപ്പെടെയുള്ളവർ പറഞ്ഞു. സംഭവസമയത്ത് രണ്ട് പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഘർഷം ഉണ്ടായപ്പോൾ കൂടുതൽ പൊലീസുകാർ ഇല്ലാത്തതിനാൽ പ്രശ്നം രൂക്ഷമായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല. ഇതിനിടെ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർ വർക്കല ടൗണിലെ റോഡ് ഉപരോധിച്ചു. ഉന്നത പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.