*ലക്ഷം രൂപാ വില വരുന്ന സിമന്റ് ഹോളോ ബ്രിക്സ് അച്ച് മോഷ്ടിച്ച് വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ*

വീടിനോട് ചേർന്നുള്ള ഷെഡിനകത്ത് സൂക്ഷിച്ചിരുന്ന സിമന്റ് ബ്രിക്സ് നിർമ്മിക്കുന്ന അച്ച് മോഷ്ടിച്ച് വില്പന നടത്തിയ രണ്ടുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂർ,കോല്ലുമല സ്വദേശി പ്രിൻസ് (36), കല്ലറ, തണ്ണിയം സ്വദേശി വിഷ്ണു (36) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയായിരുന്നു മോഷണം നടത്തിയത്. തട്ടത്തുമല ശാസ്താം പൊയ്ക സ്വദേശി അബ്ദുൾ സലാമിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഭാരം വരുന്നതും 35000 രൂപ വിലയുള്ളതുമായ 7 സിമന്റ് ബ്രിക്സ് അച്ചുകളാണ് മോഷ്ടിച്ച് കടത്തി കൊണ്ടുപോയത്. ഒന്നര മാസമായി അബ്ദുൾ സലാമിന്റെ  റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഒന്നാം പ്രതിയായ പ്രിൻസ്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതും ഷെഡിനോട് ചേർന്നായിരുന്നു.  ഷെഡിലെ അച്ചുകൾ മോഷ്ടിച്ച് കടത്തുന്നതിനായി സുഹൃത്തായ രണ്ടാം പ്രതിയെ വിളിച്ചു വരുത്തുകയും ഇയാളുടെ  ഓട്ടോറിക്ഷയിൽ അച്ചുകൾ തട്ടത്തുമലയിലുള്ള ആക്രികടയിൽ എത്തിച്ച് വിൽക്കുകയായിരുന്നു. ഷെഡിൽ ഓട്ടോ റിക്ഷ വന്നു പോയ വിവരം സമീപ വാസിയായ സ്ത്രീ ഉടമയെ അറിയിച്ചതിനെ തുടർന്ന് ഷെഡ് പരിശോധിച്ചപ്പോഴാണ്  അച്ച് മോഷ്ടിച്ചു കടത്തിയത് മനസിലാക്കിയത്. തുടർന്ന് തൊഴിലാളിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതു സംബന്ധിച്ച് ഉടമ കിളിമാനൂർ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുന്നതിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ: ദിവ്യാ.വി.ഗോപിനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ അച്ചുകൾ മോഷ്ടിച്ച് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും ആക്രി കടയിൽ നിന്ന് അച്ചുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ വിജിത്ത് കെ. നായർ , പ്രദീപ്. സിപിഒമാരായ ബിനു, മഹേഷ്, സുനിൽ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.