ഇന്ന് ലോക രക്തദാന ദിനം. "രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. ആ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ"

ഇന്ന് ലോക രക്തദാന ദിനം. "രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. ആ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ" എന്നതാണ് ഇത്തവണത്തെ രക്തദാന ദിന സന്ദേശം. അപകടാവസ്‌ഥകളിലും രോഗാവസ്‌ഥകളിലും രക്തം ആവശ്യമായി വരുന്നവരുടെ ജീവൻ നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ.

സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 42 രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. 142 രക്തബാങ്കുകള്‍ സ്വകാര്യ ആശുപത്രികളിലും 6 എണ്ണം സഹകരണ ആശുപത്രികളിലുമുണ്ട്. 'സഞ്ചരിക്കുന്ന രക്തബാങ്ക്' വഴിയും രക്തശേഖരണം നടത്തുന്നുണ്ട്.

രക്തം ദാനം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തദാനം തികച്ചും സുരക്ഷിതമാണ്. രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.


*🩸 രക്തദാനം മഹാദാനം❤️

ഒരാൾ പൂർണ മനസ്സോടെ മറ്റൊരാൾക്കോ ശാസ്ത്രീയമായി സൂക്ഷിക്കാനോ നൽകുന്നതാണ് രക്തദാനം. ഇതിൽ തന്നെ പ്ലാസ്മയായും പ്ലേറ്റ്ലെറ്റുകളായും ചുവന്ന കോശങ്ങളായും രക്തത്തിലെ ഘടകങ്ങൾ വേർതിരിച്ചാൽ പലർക്കായി ഉപകാരപ്പെടുത്താം. രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറയുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ജൂൺ 14 രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. 2004 മുതലാണ് ലോകാരോഗ്യ സംഘടന സ്വയം സന്നദ്ധരായി രക്തം നൽകാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമായി ഇത്തരത്തിൽ ഒരു ദിനമെന്ന ആശയം കൊണ്ടുവന്നത്. രക്തഗ്രൂപ്പുകൾ നിർണയിച്ച കാൾ ലാൻഡ്സ്റ്റെയ്നറിൻറെ (Karl Landsteiner) ജൻമദിനം കൂടിയാണ് ജൂൺ 14

*രക്തദാനം എന്തിനൊക്കെ*

ഗർഭധാരണ സമയത്തും പ്രസവത്തിലും വരുന്ന സങ്കീർണതകൾ, ശസ്ത്രക്രിയ, കടുത്ത വിളർച്ച ബാധിച്ചവർ, അർബുദചികിത്സ തുടങ്ങിയവയ്ക്ക് രക്തം ആവശ്യമായി വരും. ചികിത്സയുടെ സമയത്തോ അസുഖപരമായോ രക്തത്തിന്റെ അളവ് കുറഞ്ഞാൽ മറ്റൊരാളുടേത് സ്വീകരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ആരോഗ്യമുള്ളവർ സംഭാവന ചെയ്യുന്നതു വഴി ആവശ്യമുള്ളവർക്ക് രക്ത ലഭ്യത ഉറപ്പാക്കാം.

*ആർക്കൊക്കെ ദാനം ചെയ്യാം*

രാജ്യത്തു ഓരോ രണ്ടു സെക്കന്റിലും രക്തം ആവശ്യമായി വരുന്നു. 18 മുതൽ 65 വയസ്സു വരെയുള്ളവർക്ക് രക്തം ദാനം ചെയ്യാം. ശരീരഭാരം 45 കിലോയിൽ കുറയാൻ പാടില്ല. താപനിലയും രക്തസമ്മർദ്ദവും സാധാരണ നിലയിലായിരിക്കണം. ദാതാവിന്റെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 12.5 ആവണം.

ഒരാളുടെ ശരീരത്തിൽ ശരാശരി അഞ്ചു ലിറ്റർ രക്തം ഉണ്ടാകും. 350 മില്ലി രക്തമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു തവണ ശേഖരിക്കുക. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 - 48 മണിക്കൂറിനുള്ളിൽ ശരീരം വീണ്ടും ഉത്പാദിപ്പിക്കപ്പെടും. ഒരിക്കൽ കൊടുത്താൽ പിന്നെ പുരുഷന് മൂന്നു മാസവും സ്ത്രീക്ക് നാലു മാസവും കഴിഞ്ഞേ അടുത്തത് അനുവദിക്കൂ. ഒരാളിൽനിന്ന് ശേഖരിക്കുന്ന രക്തം പലവിധത്തിലുള്ള പരിശോധനകൾ നടത്തിയേ മറ്റൊരാൾക്ക് നൽകൂ.

*ആരൊക്കെ കൊടുക്കരുത്*

എച്ച്ഐവി., മഞ്ഞപ്പിത്തം, മലേറിയ തുടങ്ങി രക്തത്തിലൂടെ പകരുന്ന രോഗങ്ങളുള്ളവർ രക്തദാനം നടത്തരുത്. മലേറിയ വന്നാൽ 12 മാസത്തിനു ശേഷം രക്തം നൽകാം. ശരീരത്തിൽ ടാറ്റൂ പതിപ്പിച്ചവർക്കും ആറു മാസം കാത്തിരിക്കണം.

പനി, ജലദോഷം, വയറിന് അസുഖം, അണുബാധ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മാനസിക രോഗങ്ങൾ തുടങ്ങിയവയുള്ളവരുടെ രക്തം സ്വീകരിക്കില്ല. ദന്തചികിത്സക്ക് പോയിട്ടുണ്ടെങ്കിൽ 24 മണിക്കൂർ കഴിഞ്ഞേ രക്തം നൽകാവൂ. സ്ത്രീകൾ ആർത്തവസമയത്തും ഗർഭമുള്ളപ്പോഴും മുലയൂട്ടുന്ന കാലത്തും രക്തം നൽകരുത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് അതുകഴിഞ്ഞു ഒരു മാസത്തേക്ക് രക്തം നൽകരുത്. പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ടെങ്കിൽ ഒരു വർഷത്തിനു ശേഷമേ രക്തം നൽകാവൂ. രക്തദാനത്തിനു 24 മണിക്കൂർ മുമ്പ് മദ്യപിച്ചവരും വിട്ടു നിൽക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ യാതൊരു കാരണവശാലും രക്തം കൊടുക്കരുത്.

*കോവിഡ് കാലത്തെ രക്തദാനം*

ലോക്ഡൗൺ മൂലം ബ്ലഡ്ബാങ്കുകളിൽ രക്തം കുറവു വന്നിട്ടുണ്ട്. സംഘടനകൾ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പുകൾ നിലച്ചതാണ് പ്രധാനകാരണം. ആശുപത്രികളിൽ ചെന്ന് നൽകാൻ ചിലരെങ്കിലും മടിക്കുന്നതും ബ്ലഡ്ബാങ്കുകളിൽ രക്തമെത്തുന്നത് കുറയാനിടയാക്കി. കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡുകളിലാണുളളത്, അതിനാൽ രക്തം നൽകാനായി ആശുപത്രികളിൽ പോകാൻ ഭയക്കുന്നതിൽ അർഥമില്ല. മാസ്കും കയ്യുറയും സാനിറ്റൈസറും ഉപയോഗിച്ചാൽ ഇക്കാലത്തും രക്തദാനം സുരക്ഷിതം തന്നെ. എന്നാൽ ദാതാവിന്റെ യാത്രാ വിവരങ്ങളടക്കം ആശുപത്രിക്ക് കൈമാറേണ്ടതുണ്ട്. 14 ദിവസത്തിനിടെ ദൂരയാത്ര നടത്തിയവരും ക്വാറന്റീനിലുളളവരും രക്തം നൽകരുത്. പനി, ജലദോഷം, ശ്വാസംമുട്ടൽ എന്നീ രോഗലക്ഷണങ്ങളുളളവരും വീട്ടിൽ ആരെങ്കിലും ക്വാറന്റീനായിട്ടുണ്ടെങ്കിലോ അവരെ പരിചരിക്കുന്നവരോ രക്തം നൽകരുത്. അവശ്യവസ്തുക്കളെത്തിക്കുന്നവരോ പോലീസുകാരോ പൊതുപ്രവർത്തനത്തിലേർപ്പെട്ടവരോ രക്തം നൽകുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കണം.