കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നിട്ടും സമൂഹ മാധ്യമങ്ങളില്‍ ഇടത് വലത് സൈബര്‍ അണികള്‍ തമ്മിലുള്ള പോര് അവസാനിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ പരിഹസിച്ചുള്ള പോസ്റ്റുകളും പോരുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫിനെക്കുറിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജില്‍ വന്ന കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത നല്ലൊരു പച്ചയായ മനുഷ്യനാണ് ജോ ജോസഫെന്നും അദ്ദേഹത്തെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സൈബര്‍ ടീം പേജല്ല ഇതെങ്കിലും പോസ്റ്റ് കോണ്‍ഗ്രസ് അണികളും ഏറ്റെടുത്തിട്ടുണ്ട്. ‘ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കവും ആവലാതിയും നമ്മള്‍ കണ്ടിട്ടുണ്ട്, നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ' എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.