ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

ന്യൂഡൽഹി:ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍.മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2014ന് മുന്‍പ് ഹണിമൂണ്‍ ഹോട്ടല്‍, ശേഷം ഹനുമാന്‍ ഹോട്ടല്‍’ എന്ന മുഹമ്മദ് സുബൈറിന്റെ പോസ്റ്റാണ് കേസിന് ആധാരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ പോസ്റ്റിനെതിരെ ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെതിരെ നടപടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രദീക് സിന്‍ഹ ആരോപിക്കുന്നു. 2020ലെ കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നത് എന്നാണ് അറിയിച്ചത്. ഇതില്‍ സുബൈറിന് ഹൈക്കോടതിയുടെ സംരക്ഷണമുണ്ട്. എന്നാല്‍ വൈകീട്ട് മറ്റൊരു കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നുവെന്ന് പ്രദീക് സിന്‍ഹ ആരോപിക്കുന്നു.

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യുന്നതിന് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ അനുസരിച്ച്‌ മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും പ്രദീക് സിന്‍ഹ ആരോപിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കിയില്ലെന്നും പ്രദീക് സിന്‍ഹ ആരോപിക്കുന്നു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

“മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തു വന്നു.   വ്യാജ അവകാശവാദങ്ങൾ  തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു.  അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

“വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ  ബി ജെ പിക്ക് ഭീഷണിയാണ് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂർ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസ് എന്നും തരൂർ അഭിപ്രായപ്പെട്ടു.

അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും  തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ദില്ലി പോലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ് എന്നും സിപിഎം പ്രതികരിച്ചു.