മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ് ലഭിച്ചു.
റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്നാണ് ബഹുമതി. കായിക മേഖലക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നല്‍കിയത്. ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അത് ഏറ്റുവാങ്ങി.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്‍റര്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത ഒരു ജീവിതാനുഭവമാണെന്നും വിജയന്‍ പറഞ്ഞു. 1999ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഭൂട്ടാനെതിരെ 12ാം സെക്കന്‍ഡില്‍ ഗോളടിച്ചിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഈ കളിമികവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് ഡോക്ടറേറ്റിന് പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ഫുട്ബാള്‍ ക്ലബിലൂടെയാണ് ഐ.എം. വിജയകന്‍ കരിയര്‍ ആരംഭിക്കുന്നത്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം എഫ്.സി കൊച്ചിന്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞു. 2000 -2004 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. മലപ്പുറം എം.എസ്.പിയില്‍ സ്ഥാപിക്കുന്ന പൊലീസ് ഫുട്ബാള്‍ അക്കാദമിയുടെ നിയുക്ത ഡയറക്ടര്‍ കൂടിയാണ് വിജയന്‍ ഇപ്പോൾ.