കല്യാണം കഴിഞ്ഞ് എട്ട് വർഷം കഴിഞ്ഞിട്ടും തീരാത്ത ഭാര്യയുടെ സങ്കടം ഒടുവിൽ കല്യാണം തന്നെ പുനരാവിഷ്കരിച്ച് പരിഹരിച്ച് യുവാവ്.
വെഞ്ഞാറമൂട് മണ്ഡപ കുന്ന് സ്വദേശി അനിഷ് - രജിത ദമ്പതികളായിരുന്നു വധു വരൻമാർ.
ഇനി കാര്യത്തിലേക്ക് കടക്കാം.
പ്രേമവിവാഹമായിരുന്നു ഇരുവരുടേയും.
അനീഷുമായുള്ള കല്യാണം രജിതയുടെ ബന്ധുക്കൾക്ക് ഇഷ്ടമായിരുന്നില്ല.
അതിനാൽ തന്നെ അവരാരും കല്യാണത്തിന് എത്തിയില്ല.
ബന്ധുക്കൾ എത്താതിൻ്റെ സങ്കടത്തിൽ മണ്ഡപത്തിൽ കരഞ്ഞ രജിതയെ അനീഷ് ആശ്വസിപ്പിച്ചു.
വർഷങ്ങൾ കടന്ന് പോയി. ദമ്പതികൾക്ക് ഒരു മകളുമായി.
ഇതിനിടയിൽ ധാരാളം കല്ലാണങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തു.
എന്നാൽ കല്ലാണ സ്ഥലത്ത് എത്തുമ്പോഴെല്ലാം രജിത യുടെ മുഖഭാവങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം അനീഷ് ശ്രദ്ധിച്ചു.
പലപ്പോഴും കണ്ണുകൾ നിറയുന്നതും കണ്ടിട്ടുണ്ട്.
അനീഷ് കാരണം തിരക്കുമെങ്കിലും രജിത ഒഴിഞ്ഞ് മാറുകയായിരുന്നു പതിവ്.
ഒരിക്കൽ രജിത മനസ് തുറന്നു.
കല്ലാണത്തിന് ബന്ധുക്കൾ എത്താതിരുന്നതും കല്യാണ ചടങ്ങുകൾ ആശിച്ചിരുന്നത് പോലെ നടക്കാതിരുന്നതും വിഷമിപ്പിച്ചു. ആൽബത്തിൽ സൂക്ഷിക്കാൻ കരഞ്ഞ് കലങ്ങിയ കണ്ണുകളോടുള്ളതല്ലാതെ ഒരു നല്ല ഫോട്ടോ പോലും എടുക്കാനായില്ല.
മറ്റുള്ള കല്യാണങ്ങളിൽ പങ്കെടുക്കാൻ എത്തുമ്പോൾ പഴയ ഓർമ്മകൾ വിഷമിപ്പിക്കുകയാണെന്നും രജിത പറഞ്ഞു.
പിന്നെ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്നായിരുന്നു.
മൂഹൂർത്തം നിശ്ചയിച്ചു.
കല്യാണ പുടവയും സ്വർണ്ണാഭരണങ്ങളും വാങ്ങി. വിവാഹ സ്ഥലവും നിശ്ചയിച്ചു.
കല്യാണം വിളി മാത്രം അവസാനമാക്കി.
വിമർശകരേയും പിൻ തിരിപ്പൻമാരേയും ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്.
സുഹൃത്തിൻ്റെ വിട്ടിൻ്റെ മുറ്റത്തായിരുന്നു വിവാഹം.രജീത ആശിച്ചിരുന്നത് പോലെ പരമ്പരാഗത രീതിയിലായായിരുന്നു വിവാഹം.
കല്യാണപുടവയുടുത്ത് കതിർ മണ്ഡപത്തിലെത്തിയ രജിതയുടെ കഴുത്തിൽ ന്യൂ ജെൻ വിവാഹ വേഷത്തിൽ നിന്ന വരൻ അനീഷ് താലികെട്ടിയപ്പോൾ കൂട്ടൂകാർ കുരവയിട്ട് പൊലിപ്പിച്ചു.
വിവാഹത്തിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ ആറു വയസുള്ള മകളും എത്തിയിരുന്നു.
വിവാഹ ശേഷം യുവാവ് പുതിയ വിവാഹ ഫോട്ടോയും പഴയ വിവാഹ ഫോട്ടോയും ചേർത്ത് ഫെയ്സ് ബുക്ക് പേജിൽ ഇട്ട പോസ്റ്റ് ഇങ്ങനെ:
ഇവർക്ക് ഭ്രാന്താണ്.. അല്ലെങ്കിൽ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്.
ആരുടെയൊക്കെയോ ഉള്ളിൽ കിടന്നങ്ങു പിറുപിറുക്കുകയാണ്. പക്ഷെ നേരിട്ട് ചോദിക്കുന്നില്ലന്ന് മാത്രം. ചിത്രത്തിന് പിന്നിലെ കഥയിലേക്ക് വരാം.രണ്ട് കാല ഘട്ടത്തിൽ എടുത്ത ചിത്രങ്ങളാണ്. ഒന്നിൽ ചിത്രം സ്വന്തം വിവാഹത്തിന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പെൺകുട്ടിയാണ്. എന്നെ പ്രണയിച്ചു പോയി എന്ന കാരണത്താൽ എല്ലാവരും ഉണ്ടായിട്ടും അനാഥത്വത്തിലേക് വീണ ദിനം.. അല്ല.. ദിവസങ്ങൾ...
എല്ലാം ഒരു തരത്തിൽ ഞാൻ കാരണം.
ഒളിച്ചോടി വിവാഹം കഴിച്ചതല്ല അതിനു താല്പര്യവും ഇല്ലായിരുന്നു.. വീട്ടുകാരെ വിട്ട് പെണ്ണ് ചോദിച്ചു. M. Com പഠിച്ചു നിൽക്കുന്ന പെൺകുട്ടിയെ പന്ത്രാണ്ടം ക്ലാസ് യോഗ്യത മാത്രം ഉള്ള സ്വന്തമായി വീട് പോലും ഇല്ലാത്തവന് പൊന്നു പോലെ നോക്കിയ പെൺകുട്ടിയെ എങ്ങനെ കൊടുക്കാനാ ? അതുകൊണ്ട് തന്നെ വീട്ടുകാരെ അന്നും ഇന്നും കുറ്റം പറഞ്ഞിട്ടില്ല. വീട്ടിലെ ചില സാഹചര്യങ്ങൾ അവളെ എന്നിലേക്ക് അടുപ്പിച്ചു എന്നതാണ് മറ്റൊരു വിഷയവും. അതൊക്കെ അവിടെ നിക്കട്ടെ. പെണ്ണ് ചോദിച്ച രാത്രി ഒരുപക്ഷെ ശിവരാത്രി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംസാരത്തിനിടയിൽ രാവിലെ എന്റെ വീട്ടുകാരോട് വന്നു വിളിച്ചുകൊണ്ടു പൊയ്ക്കോണം എന്നായി. ഒടുവിൽ അമ്മയും ഒരു ചേച്ചിയും കൂടി ചെന്ന് വിളിച്ചുകൊണ്ടു വന്നു. വൈകുന്നേരം 3 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിൽ വച്ചു വിവാഹം. കൂടെ പിറന്നതും അല്ലാത്തതുമായ പെണ്ണ് കെട്ടാത്ത ചേട്ടന്മാർ പ്ലിംഗസ്യ ആയിരുന്നെങ്കിലും കട്ടക്ക് കൂടെ നിന്നിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ ചിട്ടി അന്നത്തെ കാലത്തു ഉണ്ടായിരുന്നത് കൊണ്ട് നേരത്തെ തന്നെ താലിയും മാലയും സെറ്റ് ആയിരുന്നു അന്നൊക്കെ വാടക വീട്ടിൽ ആയിരുന്നതു കൊണ്ട് കല്യാണം കഴിഞ്ഞും നേരെ അങ്ങട് തന്നെ ആയിരുന്നു.. പിന്നെ നടന്നതൊക്കെയും വാശിയേറിയ ജീവിതം ആയിരുന്നു. പരസ്പരം സ്നേഹിച്ചും ബഹുമാനം നൽകിയും അഡ്ജസ്റ്റ് ചെയ്തും ആവോളം പ്രണയിച്ചു ദേ അങ്ങനെ...ഇങ്ങനെ...
അന്ന് മുതൽ പോകുന്ന എല്ലാ വിവാഹ ചടങ്ങുകളിലും പലപ്പോഴും അവളുടെ കണ്ണു നിറഞ്ഞു തുളുമ്പുന്നത് കണ്ടിട്ടും ഞാൻ കാണാതെ നിന്നിട്ടുണ്ട്.. അവളുടെ വിവാഹവും ഇങ്ങനെ നടക്കാനുള്ളതായിരുന്നു എന്നുള്ള ചിന്തയായിരുന്നു എന്നുള്ളത് എനിക്ക് മനസിലാക്കാൻ സമയം എടുത്തില്ല.
പലരും വീട്ടുകാർ അറിയാതെ പോയി വിവാഹം കഴിച്ചു വളരെ സന്തോഷത്തോടെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോഴും ചോദ്യം വരും.. എങ്ങനെയാണു ഈ കുട്ടികൾക്ക് സന്തോഷത്തോടെ ഇങ്ങനെ നിൽക്കാൻ സഹിക്കുന്നത്?? സാഹചര്യം ആകും അല്ലെ.. അതെന്തോ ആകട്ടെ..
അങ്ങനെ അന്നുമുതൽ വർഷങ്ങളായി കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു സന്തോഷത്തോടെ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങണം എന്നുള്ളത്. വീട്ടുകാർ എല്ലാം ഒരുമിച്ചു. വീടും ആയി. എല്ലാ വീട്ടിലും പോലെ ദുഃഖങ്ങളും സന്തോഷങ്ങളും ഒക്കെ നമുക്കും ഉണ്ട്. പഠിക്കാനുള്ള ആവേശം ഉള്ളതുകൊണ്ട് ഓൾക്ക് ഒരു കുഞ്ഞ് ഡോക്ടറേറ്റും കിട്ടി. എന്നാൽ മനസ്സിൽ കിടന്ന വിഷമങ്ങളിൽ ആ ഒരെണ്ണം... അതങ്ങനെ നീറ്റലായി മനസ്സിൽ കിടന്നു. കാര്യം അത്രയേറെ പ്രിയപ്പെട്ട മീര ചേച്ചിയോട് പറഞ്ഞു. സംഭവം നടത്തിയാൽ പോരെ എന്നൊരു മറുചോദ്യം ആയിരുന്നു പറയുന്ന സമയം കൊണ്ട് ബ്രൈഡലും ഫോട്ടോഗ്രാഫി യും സ്റ്റേജും ഒക്കെ റെഡി. ക്രെഡിറ്റ് എല്ലാം ചേച്ചിക്കും ചേച്ചിയുടെ സ്വന്തം നാച്ചുറൽസ് അക്കാദമിക്ക് അവകാശപ്പെട്ടത്.
ഒരുപാടൊരുപാട് സന്തോഷം....
വർഷങ്ങളുടെ കാത്തിരുപ്പുകളിൽ സ്വപ്‌നങ്ങൾ പൂവണിയുമ്പോൾ അത് കാണുന്നതും അനുഭവിക്കുന്നതും ഒരു ഹരം തന്നെയാണ്. ചുറ്റുമുള്ളവർക്ക് സന്തോഷം പകരാനും, സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ വേണ്ടന്ന് വയ്ക്കാനും മ്മക്കെങ്ങനെ കഴിയാനാണ്. പിന്നെ ചിലർക്കുള്ള മറുപടിയും ഇങ്ങനെ ആയിക്കോട്ടെന്ന് കരുതി.
2014 ൽ നിന്നും 2022 ലേക്ക്
▂▂▂▂▂▂▂▂▂▂