നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്താവനയിലാണ് കേസ്.ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പുതിയ സിനിമയായ വിരാടപര്‍വത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന ഇന്റര്‍വ്യൂവില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായ് പല്ലവി. ‘ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടതു പക്ഷം വലതുപക്ഷം എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എനിക്ക് പറയാനാകില്ല. കശ്മീര്‍ ഫയല്‍സ് സിനിമയില്‍ കാണിക്കുന്നത് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയാണ്. അടുത്തിടെയാണ് പശുവിനെ കൊണ്ടുപോയെന്ന് ആരോപിച്ച്‌ ഒരു മുസ്ലീമിലെ കൊലചെയ്തത്. കൊലപാതകത്തിനു ശേഷം അവര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എന്താണ് വ്യത്യാസം.’ – സായ് പല്ലവി ചോദിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാ​ഗില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിരാട പര്‍വത്തില്‍ ഒരു നക്സല്‍ കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. റാണ ദ​ഗ്​ഗുബട്ടിയാണ് ചിത്രത്തില്‍ നായകന്‍. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലിന്റെ കഥയാണ് ചിത്രം പറയുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്