*തോന്നിയ ഫീസ് ഈടാക്കുന്ന അക്ഷയകളേ ഇനി രക്ഷയില്ല, ഫീസ് നിരക്ക്‌ തീരുമാനമായി; സേവന നിരക്കുകള്‍ ഇങ്ങനെ*

തിരുവനന്തപുരം.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകളാണ് ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചത്.

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ്, പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം. എന്നാല്‍ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് എസ്. സി./എസ്.റ്റി വിഭാഗക്കാര്‍ക്ക് 10 രൂപയേ ഫീസുള്ളൂ. സ്‌കാനിങ്, പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതി.

കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 5000 രൂപയ്ക്കു മുകളിലുള്ള തുകയുടെ 0.5 ശതമാനവും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001 രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ചാര്‍ജ് വാങ്ങാം.

സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിങ്, സ്‌കാനിങ് ഉള്‍പ്പെടെ) 40 രൂപയാണ് അക്ഷയ കേന്ദ്രങ്ങളിലെ ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ ഫോറം എയ്ക്ക് 50 രൂപയും പ്രിന്റിങ്, സ്‌കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ് ഫീസ് നല്‍കേണ്ടത്. ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഫോറം ബിയ്ക്ക് 80 രൂപയും സ്‌കാനിങിനും പ്രിന്റിങിനും പേജ് ഒന്നിന് മൂന്ന് രൂപ വീതവും നല്‍കാം.

ഭക്ഷ്യസുരക്ഷ ലൈസന്‍സ് പുതുക്കല്‍ ഫോറം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിങിനും സ്‌കാനിങിനും  പേജ് ഒന്നിന്  മൂന്ന് രൂപ വീതവുമാണ് ഫീസ് നിശ്ചയിട്ടുള്ളത്. കീം (കെ.ഇ.എ.എം) പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്‌കാനിങിനും പേജ് ഒന്നിന് മൂന്ന് രൂപയാണ് ഫീസ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിങ്, സ്‌കാനിങ് ഉള്‍പ്പെടെ ഫീസ് 50 രൂപ ഈടാക്കാം.